കല്‍പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ രേഖകളും സർട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവർക്ക് സർക്കാർ ‘സർട്ടിഫിക്കറ്റ് വീണ്ടെടുക്കല്‍ ക്യാമ്പയിൻ’ നടത്തും. സംസ്ഥാന ഐ.റ്റി. മിഷന്റെ നേതൃത്വത്തിലാണ് ക്യാമ്ബുകള്‍ സംഘടിപ്പിക്കുന്നത്. 12 ക്യാമ്ബുകളാണ് ഇത്തരത്തില്‍ വയനാട്ടില്‍ പ്രവർത്തിക്കുക. റേഷൻ കാർഡ്, ആധാർ കാർഡ്, വോട്ടർ ഐ.ഡി., ഹെല്‍ത്ത് കാർഡ്, യൂ.ഡി.ഐ.ഡി. കാർഡ്, വിവിധ വകുപ്പുകള്‍ നേരത്തെ നല്‍കിയ സർട്ടിഫിക്കറ്റുകള്‍ എന്നിവ ക്യാമ്ബുകളില്‍ നേരിട്ട് ലഭിക്കും.
കൂടുതല്‍ പ്രോസസ്സിംഗ് സമയം ആവശ്യമുള്ളവ ക്യാമ്ബുകള്‍ കഴിഞ്ഞ് പിന്നീട് ലഭ്യമാക്കും. ബി.എസ്.എൻ.എല്‍, കെ.എസ്.ഇ.ബി, അക്ഷയ തുടങ്ങിയ സർക്കാർ സംവിധാനങ്ങളും യജ്ഞത്തില്‍ പങ്കാളികളാകും. അതേസമയം വയനാട് ഉരുള്‍പൊട്ടലില്‍ ഇനിയും കണ്ടെത്താനുള്ളത് 131 പേരെ. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ജനകീയ തിരച്ചില്‍ നടന്നു. ദുരന്ത മേഖലയെ ആറായി തിരിച്ചാണ് തിരച്ചില്‍ നടത്തിയത്.
ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന കാര്യത്തില്‍ അവസാന ശ്രമമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ശനിയാഴ്ച്ച പ്രധാനമന്ത്രി ദുരന്ത ബാധിത മേഖലകളില്‍ സന്ദർശനം നടത്തും. വെള്ളിയാഴ്ച രാവിലെ മുതല്‍ ഒരു ദിവസം നീണ്ടു നില്‍ക്കുന്ന തെരച്ചില്‍ ആണ് ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ശനിയാഴ്ച്ച പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ ആറുമണിക്ക് തുടങ്ങുന്ന തെരച്ചില്‍ 11 മണിയോടെ അവസാനിപ്പിച്ചു.