Saturday, August 2, 2025
No menu items!
Homeവാർത്തകൾവയനാട് തുരങ്കപാതയ്ക്ക് പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി

വയനാട് തുരങ്കപാതയ്ക്ക് പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി

കോഴിക്കോട് താമരശ്ശേരി ചുരത്തിന്റെ ബദലായി നിര്‍മിക്കുന്ന ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാതയ്ക്ക് പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി. മാര്‍ച്ച് ഒന്നിന് ചേര്‍ന്ന യോഗത്തില്‍ പദ്ധതിക്ക് അന്തിമാനുമതി നല്‍കാന്‍ സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിക്ക് വിദഗ്ധസമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയത്.25 വ്യവസ്ഥകളോടെയാണ് അനുമതി.

തുരങ്കപാത നിര്‍മാണം പരിസ്ഥിതിലോല പ്രദേശത്തായതിനാല്‍ ഉചിതമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച് നിര്‍മാണം നടത്തുക, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സൂക്ഷ്മ സ്‌കെയില്‍ മാപ്പിങ് നടത്തുകയും നിരീക്ഷിക്കുകയും ചെയ്യുക, ടണല്‍ റോഡിന്റെ ഇരുഭാഗത്തും അതിതീവ്രമഴ മുന്നറിയിപ്പ് നല്‍കുന്നതിന് കാലാവസ്ഥാ നിരീക്ഷണ സ്റ്റേഷനുകള്‍ സ്ഥാപിക്കുക, ഭൂമിയുടെ ഘടനയനുസരിച്ച് ടണലിങ് രീതികള്‍ തിരഞ്ഞെടുക്കുക, കളക്ടര്‍ ശുപാര്‍ശചെയ്യുന്ന നാലുപേരടങ്ങുന്ന വിദഗ്ധസമിതി രൂപീകരിക്കുക, അപ്പന്‍കാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്ടര്‍ വനഭൂമി ഏറ്റെടുക്കുക, വംശനാശഭീഷണി നേരിടുന്ന ‘ബാണാസുര ചിലപ്പന്‍’ പക്ഷിയുടെ സംരക്ഷണത്തിന് നിരീക്ഷണം നടത്തുക, നിര്‍മാണത്തിലേര്‍പ്പെടുന്നവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കുക, ഇരുവഴിഞ്ഞിപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയില്‍ നിര്‍മാണം നടത്തുക, ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടര്‍ച്ചയായി നിരീക്ഷിക്കുക തുടങ്ങിയ നിബന്ധനകളാണ് സമിതി മുന്നോട്ടുവെച്ചിട്ടുള്ളത്.ഈ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഓരോ ആറുമാസവും യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് നല്‍കണം. ഇതെല്ലാം പാലിക്കുമെന്ന് കരാര്‍ കമ്പനികള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. 2134 കോടി രൂപയാണ് പദ്ധതിച്ചെലവ്.

തുരങ്കം നിര്‍മിക്കുന്നതിന് ദിലീപ് ബില്‍ഡ് കോണ്‍ ലിമിറ്റഡിനും സമീപനറോഡിന്റെ നിര്‍മാണത്തിന് റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്കുമാണ് കരാര്‍ നല്‍കിയിരിക്കുന്നത്. സ്ഥലമെടുപ്പ് നടപടികള്‍ 90 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.നിര്‍മാണവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലംകൂടിമാത്രമേ ഇനി ഏറ്റെടുക്കാനുള്ളൂ. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലില്‍ നിന്ന് ആരംഭിച്ച വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയിലാണ് തുരങ്കപാത അവസാനിക്കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments