കൊച്ചി: ചൂരൽമല-മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. എസ്റ്റേറ്റ് ഉടമകളുടെ ഹര്‍ജി തള്ളികൊണ്ടാണ് സുപ്രധാന വിധി ഹൈക്കോടതി പുറത്തിറക്കിയത്. എസ്റ്റേറ്റ് ഭൂമികള്‍ക്ക് നഷ്ടപരിഹാരം നൽകികൊണ്ട് ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ലാൻഡ് അക്വിസിഷൻ നിയമപ്രകാരമായിരിക്കും ഭൂമി ഏറ്റെടുക്കുകയെന്നും ഹൈക്കോടതി ഉത്തരവിട്ടു. നിയമപ്രകാരമുള്ള നഷ്ടപരിഹാരം എസ്റ്റേറ്റ് ഉടമകൾക്ക് നൽകും. എസ്റ്റേറ്റ് ഭൂമി ടൗൺഷിപ്പ് ആയി അളന്നു തിട്ടപ്പെടുത്തുന്നതിന് സർക്കാരിന് വേണ്ട സഹായം ചെയ്തു കൊടുക്കണം. നഷ്ടപരിഹാരത്തിൽ തർക്കം ഉണ്ടെങ്കിൽ എസ്റ്റേറ്റ് ഉടമകൾക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഹാരിസൺ മലയാളം ലിമിറ്റഡ്, എൽസ്റ്റണുമാണ് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. നാളെ മുതൽ നടപടികൾ ആരംഭിക്കാമെന്നും ഭൂമി അളന്നു തിട്ടപ്പെടുത്താമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടികയില്‍ പാകപ്പിഴയെന്ന് ആരോപണമുയർന്നിരുന്നു. ആരോപണത്തിന് പിന്നാലെ കെ രാജനും രംഗത്തെത്തിയിരുന്നു. പുനരധിവാസ നടപടിയിൽ ഒരാളെയും ഒഴിവാക്കില്ല. എല്ലാവരെയും ഉൾപ്പെടുത്തിയിട്ടുള്ള പട്ടികയാണ് അവസാനമായി ഉണ്ടാവുക. പരാതികൾ കേട്ട ശേഷം ഉള്ള പുതിയ ലിസ്റ്റ് ഡിഡിഎംഎ തന്നെ പുറത്തുവിടും. അതിലും പരാതിയുണ്ടെങ്കിൽ സർക്കാർ ഇടപെടും. ഉദ്യോഗസ്ഥ തല വീഴ്ചയുണ്ടോ എന്ന് പരിശോധിക്കും. വീഴ്ച ഉണ്ടെങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കെ രാജൻ പറഞ്ഞിരുന്നു. ക്ലറിക്കൽ മിസ്റ്റേക്കുളളത് ഗൗരവമായ വിഷയമാണ്. ജില്ലാ കളക്ടറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി അറിിയിച്ചിരുന്നു.