മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളജിൽ നടന്ന ആദ്യത്തെ നട്ടെല്ല് ശസ്ത്രക്രിയ വിജയകരം. വയനാട് സ്വദേശിനിയായ 49കാരിക്കാണ് ശസ്ത്രക്രിയ നടത്തിയത്. ഓർത്തോ വിഭാഗം മേധാവി ഡോ. അനീൻ എൻ. കുട്ടി, ഡോ. കെ. സുരേഷ്, ഡോ. എം.വി. ശശികുമാർ, ഡോ. വരുൺ, അനസ്തേഷ്യ വിഭാഗം ഡോക്ടർമാരായ കെ. സുവർണ, ടി. ചന്ദൻ, ആൽബി കുര്യാക്കോസ്, വിനു കെ. ജോസിന്റെ നേതൃത്വത്തിലുള്ള നഴ്സിങ് ടീം എന്നിവരാണ് ശസ്ത്രക്രിയയിൽ പങ്കാളികളായത്. രോഗി സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടർമാർ പറഞ്ഞു.
സ്പോണ്ടിലോലിസ്തെസിസ് എന്ന അസുഖം ഇവരുടെ ഞരമ്പുകളെ ഉൾപ്പെടെ ബാധിച്ചിരുന്നു. നട്ടെല്ലിലെ ഒരു കശേരുവിന് സ്ഥാനം തെറ്റുന്ന അവസ്ഥയാണിത്. ഈ രോഗം യുവതിയുടെ നാഡിവ്യൂഹത്തെ ബാധിക്കുകയും ചലനശേഷി കുറയുകയും ചെയ്തിരുന്നു. തുടർന്ന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു.



