കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് മാർഗനിർദേശം പുറത്തിറക്കി സർക്കാർ. 2005ലെ ദുരന്ത നിവാരണ നിയമം സെക്ഷന്‍ 22, 72 പ്രകാരം പ്രത്യേക മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നൂറോളം മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അടിയന്തിരമായി സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് മുമ്പായി ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉണ്ടാവും. മൃതദേഹങ്ങൾക്ക് പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുള്‍പ്പെടെയുള്ള വസ്തുക്കളുടെയും ഫോട്ടോ എടുത്ത് സൂക്ഷിക്കും. ഡി എന്‍ എ സാമ്പിള്‍, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ സൂക്ഷിക്കും. പൊലീസ് ഇത്തരം മൃതദേഹങ്ങള്‍ സംബഡിച്ച് മേപ്പാടി പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കണം. അടക്കം ചെയ്യുന്ന രീതിയില്‍ മാത്രമേ മൃതദേഹങ്ങള്‍ സംസ്‌കരിക്കാവൂ എന്നും നിർദേശം നൽകിയിട്ടുണ്ട്. അടക്കം ചെയ്യുന്ന സ്ഥലം മേപ്പാടി പഞ്ചായത്ത് അധികൃതരെ ജില്ലാ ഭരണകൂടം അറിയിക്കണം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ 72 മണിക്കൂറിനകം സംസ്‌കരിക്കണമെന്നും നിർദേശമുണ്ട്.