വയനാട്: വയനാട്ടിൽ ആദിവാസികളുടെ കുടിലുകൾ പൊളിച്ചു നീക്കിയ സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. മാനന്തവാടി ഡി എഫ് ഒയും വയനാട് ജില്ലാ കളക്ടറും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. ബേഗൂരിലെ ആദിവാസികളുടെ കുടിലുകൾ വനം കൈയേറ്റത്തിന്റെ പേരു പറഞ്ഞ് പൊളിച്ചു നീക്കിയെന്നാണ് പരാതി. മാധ്യമങ്ങൾ നൽകിയ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്. കുടിലുകൾ പൊളിച്ച സംഭവത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി കൃഷ്ണനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണ വിധേയമായാണ് ടി കൃഷ്ണനെ സസ്പെൻഡ് ചെയ്തത്. ദക്ഷിണ മേഖല സി സി എഫ് കെ എസ് ദീപയാണ് സസ്പെൻഷന് ഉത്തരവിട്ടത്. ഞായറാഴ്ചയാണ് വനം വകുപ്പ് ജീവനക്കാർ ആദിവാസികളുടെ മൂന്ന് കുടിലുകൾ പൊളിച്ചത്.
കുടിലുകൾ പൊളിച്ച് മാറ്റപ്പെട്ട ആദിവാസി കുടുംബങ്ങളെ നേരത്തെ ഫോറസ്റ്റ് ക്വാർട്ടേഴ്സിലേക്ക് മാറ്റിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളും ഡി എഫ് ഓ യുമായി നടത്തിയ ചർച്ചയിലായിരുന്നു ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. വനം വകുപ്പിന്റെ ഡോർമിട്ടറി റൂമിലേക്കാണ് മൂന്ന് കുടുംബങ്ങളെ മാറ്റിയത്. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ചതായി സിദ്ദിഖ് എംഎൽഎ വ്യക്തമാക്കിയിരുന്നു.