മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖനാണു (67) കൊല്ലപ്പെട്ടത്. ഉന്നതിക്ക് കുറച്ചകലെ ഇന്നലെ രാത്രി ഒന്പതോടെ അറുമുഖന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാർ മൃതദേഹത്തിലും പരിസരത്തും നടത്തിയ നിരീക്ഷണത്തിലാണ് കാട്ടാന ആക്രമണമാണെന്നു ബോധ്യപ്പെട്ടത്. ആനയുടെ ചവിട്ടേറ്റാണ് അറുമുഖന്‍റെ മരണമെന്നാണു പ്രാഥമിക നിഗമനം.
മൃതദേഹം രാത്രി വൈകിയും ആശുപത്രി മോർച്ചറിയിലേക്കു മാറ്റാനായില്ല. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസർ സ്ഥലത്ത് എത്തിയശേഷമേ തുടർനടപടികള്‍ അനുവദിക്കൂവെന്ന നിലപാടിലാണു പ്രദേശവാസികള്‍. സൗത്ത് വയനാട് വനം ഡിവിഷനിലെ മേപ്പാടി റേഞ്ച് പരിധിയിലാണ് എരുമക്കൊല്ലി. ചെന്പ്ര മലയടിവാരത്താണ് ഈ പ്രദേശം. എരുമക്കൊല്ലിയില്‍നിന്ന് ഉന്നതിയിലേക്കു മടങ്ങുന്നതിനിടയിലാണ് അറുമുഖൻ ആനയുടെ ആക്രമണത്തിനിരയായതെന്നാണു സൂചന. എരുമക്കൊല്ലിയിലും സമീപപ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്.



