Sunday, December 21, 2025
No menu items!
Homeവാർത്തകൾവയനാട്ടിലേത് പ്രകൃതി ദുരന്തമാണ്; മനുഷ്യനിര്‍മ്മിതമല്ലെന്ന് ഹൈക്കോടതി

വയനാട്ടിലേത് പ്രകൃതി ദുരന്തമാണ്; മനുഷ്യനിര്‍മ്മിതമല്ലെന്ന് ഹൈക്കോടതി

കൊച്ചി: വയനാട്ടിലേത് പ്രകൃതി ദുരന്തമാണ്, മനുഷ്യനിര്‍മ്മിതമല്ലെന്ന് ഹൈക്കോടതി. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ താമസിക്കാത്തവര്‍ക്ക് നിശ്ചിത തുക നല്‍കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. സര്‍ക്കാരിന്റേത് നിര്‍ബന്ധിത ഉത്തരവാദിത്തമായി കണക്കാക്കരുതെന്ന് കോടതി അഭിപ്രായപ്പെട്ടു. സ്വന്തമായി വീടു നിര്‍മ്മിക്കുന്നവര്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കണമെന്നാണ് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടത്. നിലവില്‍ നിശ്ചയിച്ച 15 ലക്ഷം രൂപ അപര്യാപ്തമാണ്. ഇത് 40 മുതല്‍ 50 ലക്ഷം രൂപ വരെയായി വര്‍ധിപ്പിക്കുന്നത് പരിഗണിക്കണ എന്നാവശ്യപ്പെട്ട് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം മനുഷ്യത്വപരമാകണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍ തുക എത്രവേണമെന്ന് ദുരന്തബാധിതര്‍ക്ക് സര്‍ക്കാരിനോട് ആവശ്യപ്പെടാനാകില്ലെന്ന് ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് എസ് ഈശ്വരന്‍ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ഭൂമി ഏറ്റെടുക്കുമ്പോഴത്തേതു പോലെ, ഇവിടെ ആളുകള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ അവകാശമില്ല. സര്‍ക്കാരിന്റേത് നിര്‍ബന്ധിത ഉത്തരവാദിത്തമല്ല. മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിലാണ് പുനരധിവാസ പ്രവര്‍ത്തനങ്ങളെന്നും കോടതി പറഞ്ഞു. ജനങ്ങള്‍ക്ക് ടൗണ്‍ഷിപ്പില്‍ നിന്ന് വേണമെങ്കില്‍ വിട്ടുനില്‍ക്കാമെന്ന് സംസ്ഥാനസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തിരിച്ചുപിടിക്കുന്ന ഭൂമിക്ക് പുറമേ നല്‍കുന്ന 5 സെന്റ്/ 10 സെന്റ് ഭൂമിയാണ് നഷ്ടപരിഹാരം. പരമാവധി 15 ലക്ഷം രൂപയായി ഇതു നിശ്ചയിച്ചിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റിനിടെ സ്വീകരിച്ച നടപടിക്രമങ്ങള്‍ പോലെ, കാണാതായവരെ മരിച്ചതായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് ഈ മാസം 31 ലേക്ക് കോടതി മാറ്റിവെച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments