കൽപറ്റ: വയനാട്ടിലെ പുൽപ്പള്ളി അമരക്കുനിയിൽ ജനവാസമേഖലയിൽ വീണ്ടും കടുവയെത്തി. അമരക്കുനി സ്വദേശി കേശവന്റെ ആടിനെ കടുവ കൊന്നു. കൺമുന്നിൽ നിന്നാണ് ആടിനെ കടുവ കൊണ്ടുപോയതെന്ന് കേശവൻ പറഞ്ഞു. അമരക്കുനിയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറിയാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. വയനാട് അമരക്കുനി മേഖലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വനം വകുപ്പിന്റെ ടീമുകൾ തിരച്ചിൽ ആരംഭിച്ചു. കാപ്പി സെറ്റ്, രൂപ, അമരക്കുനി പ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്തെ വീടുകളിൽനിന്ന് രണ്ട് ആടുകളെയാണ് കടുവ പിടികൂടി കൊന്നത്. കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ സർവസന്നാഹവുമായി വനംവകുപ്പ് സജ്ജമാണ്. ഞായർ പകൽ മുഴുവൻ നടത്തിയ തിരച്ചിലിൽ കടുവയെ കണ്ടെത്താനായില്ല. ഇന്ന് തിരച്ചിലിനായി മുത്തങ്ങ ആനക്ക്യാമ്പിൽനിന്ന് രണ്ട് കുങ്കിയാനകളെ എത്തിച്ചിട്ടുണ്ട്. ഇന്നലെ വനം വകുപ്പ് സംഘത്തിന് എത്താൻ പറ്റാത്ത സ്ഥലത്തായിരിക്കും ഇന്ന് കുങ്കികളെ വച്ചുള്ള തിരച്ചിൽ. നേരത്തെ സ്ഥാപിച്ചിരുന്ന രണ്ട് കൂടുകൾ മാറ്റി സ്ഥാപിച്ചു. മൂന്നാമതൊരു കൂടുകൂടി വച്ചു. ഇരയായി ജീവനുള്ള ആടുകളെയാണ് വെച്ചിട്ടുള്ളത്. അവശനായ കടുവ കൂട്ടിൽത്തന്നെ കുടുങ്ങുമെന്നാണ് വനപാലകർ കരുതുന്നത്. ആധുനിക തെർമൽ സ്കാനർ കാമറ ഘടിപ്പിച്ച ആറ് ഡോൺ തിരച്ചിലിനായി ഉപയോഗിക്കുന്നുണ്ട്. 17 കാമറകൾ പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. മയക്കുവെടി വെക്കാൻ സജ്ജരായി ചീഫ് വൈൽഡ് ലൈഫ് വെറ്ററിനറി ഓഫീസർ അരുൺ സക്കറിയയും ടീമും ക്യാമ്പ് ചെയ്യുന്നുണ്ട്.



