ചെറുതോണി: തൊടുപുഴയിൽ നിന്നും 15 കിലോമീറ്റർ സഞ്ചരിച്ചു കഴിഞ്ഞാൽ കുടയത്തൂർ പഞ്ചായത്തിലുള്ള വയനക്കാവ് ക്ഷേത്രത്തിലെത്താം. അതിനോട് ചേർന്ന് തന്നെയാണ് ഈ ചെറിയ പാലം സ്ഥിതി ചെയ്യുന്നത്. സിനിമ നിർമ്മിക്കുന്നവരുടെ ഇഷ്ട ലൊക്കേഷൻ ആണിത്. അല്ലു അർജുന്റെ ആര്യ, ഒരിടത്ത് ഒരു പോസ്റ്റുമാൻ, മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്നിങ്ങനെ ധാരാളം സിനിമകളിൽ ഈ പാലം ചിത്രീകരിച്ചിട്ടുണ്ട്. മലങ്കര ജലാശയത്തിന്റെ അതിമനോഹരമായ കാഴ്ചയും, വടക്കനാർ വന്ന് ചേരുന്നതിന്റെ ദൃശ്യവും, കുടയത്തൂർ മലയുടെയും അതുപോലെതന്നെ ഇലവീഴാപൂഞ്ചിറയുടെ ദീർഘദൂര ദൃശ്യവും ഇവിടെ നിന്നും കാണുവാൻ സാധിക്കും. ഫോട്ടോഷൂട്ടിനും, വൈകുന്നേരങ്ങൾ കുടുംബത്തോടൊപ്പം ചിലവഴിക്കുവാനും പറ്റിയ ഒരു സ്ഥലമാണിത്.