മനുഷ്യ-വന്യജീവി സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യം അതീവ ഗൗരവത്തോടെയാണ് വനം വകുപ്പ് കാണുന്നതെന്നും, മൃഗങ്ങളെ സംരക്ഷിക്കാൻ ബാധ്യതയുള്ള വനംവകുപ്പ് അതേസമയം വന്യജീവി ആക്രമണങ്ങളിൽ നിന്ന് മനുഷ്യരെ സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധമാണെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. സംസ്ഥാന ഗവൺമെന്റിന്റെ നൂറു ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി 7. 34 കോടി രൂപ വിനിയോഗിച്ച്പൂ ഞ്ഞാർ നിയോജകമണ്ഡലത്തിലെ വനമേഖലയും ജനവാസ മേഖലയുമായി തിരിച്ച് സമ്പൂർണ സുരക്ഷിതത്വ ക്രമീകരണം ഒരുക്കുന്ന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം കോരുത്തോട് സെന്റ് ജോർജ് പബ്ലിക് സ്കൂൾ ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ആനക്കിടങ്ങ്, ഹാങ്ങിങ് ഫെൻസിംഗ് എന്നിവ ക്രമീകരിച്ച് പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ 30 കിലോമീറ്ററോളം വരുന്ന വനാതിർത്തി വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് കടക്കാത്തവിധം സുരക്ഷിതത്വമാകുന്നതോടുകൂടി ഒരു നിയോജകമണ്ഡല പ്രദേശം പൂർണമായും സംരക്ഷിക്കപ്പെടുന്ന സംസ്ഥാനത്തെ ആദ്യ നിയോജകമണ്ഡലമായി പൂഞ്ഞാർ മാറുമെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യത്തിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽനടത്തിയ ശ്രമങ്ങളെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ഇതോടൊപ്പം കോലാഹലമേട് വാഗമൺ ഇന്റഗ്രേറ്റഡ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. പീരുമേട് എംഎൽഎ വാഴൂർ സോമൻ മുഖ്യാതിഥിയായി പങ്കെടുത്തു. കോട്ടയം ഫോറസ്റ്റ് ഡിവിഷൻ ഓഫീസർ എൻ.രാജേഷ് ഐ.എഫ്.എസ് സ്വാഗതം ആശംസിച്ചു.
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ.എസ് അരുൺ ഐ എഫ് എസ്, പി പി പ്രമോദ് ഐ എഫ് എസ് , കൃഷി ഡെപ്യൂട്ടി ഡയറക്ടർ മീനു മാത്യു, ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഹരിലാൽ കെ., കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാൻസി സാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ശുഭേഷ് സുധാകരൻ, പി.ആർ അനുപമ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഡി പ്രകാശ്, മുൻ പ്രസിഡന്റുമാരായ സന്ധ്യ വിനോദ്, ശ്രീജ ഷൈൻ, കോരുത്തോട് സെന്റ് ജോർജ് പള്ളി വികാരി ഫാ. സക്കറിയാസ് ഇല്ലിക്കമുറിയിൽ മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക നേതാക്കൾ, വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.
പമ്പാവാലി, എയ്ഞ്ചൽ വാലി പ്രദേശങ്ങൾ പെരിയാർ ടൈഗർ റിസർവിൽ നിന്നും ഒഴിവാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കോരുത്തോട്, എരുമേലി, മുണ്ടക്കയം ജനവാസമേഖലകളുമായി വനാതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ കഴിഞ്ഞ കുറെ നാളുകളായി മനുഷ്യ- വന്യജീവി സംഘർഷം അതി രൂക്ഷമായിരുന്നു. രണ്ട് ആളുകൾ കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഉൾപ്പെടെ ജീവനും, സ്വത്തിനും നാശനഷ്ടങ്ങൾ സംഭവിച്ച നിരവധിയായ സംഭവങ്ങളാണ് ഈ മേഖലയിൽ ഉണ്ടായിട്ടുള്ളത്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവും ഉണ്ടായി. പ്രതിരോധ സംവിധാനങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കുന്ന തോടെ ഈ പ്രദേശങ്ങൾ പൂർണമായും വന്യജീവി ആക്രമണത്തിൽ നിന്നും സുരക്ഷിതമാക്കപ്പെടും.



