മുംബൈ: ഒക്ടോബറിൽ നടക്കുന്ന വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ രണ്ട് മലയാളികൾ. തിരുവനന്തപുരം സ്വദേശി ആശാ ശോഭനയും വയനാടുകാരി സജന സജീവനുമാണ് 15 അംഗടീമിൽ ഇടം പിടിച്ചത്. ഒക്ടോബർ മൂന്നു മുതൽ 20 വരെ യു.എ.ഇയിൽ നടക്കുന്ന ലോക കപ്പിൽ ഇന്ത്യയെ നയിക്കുന്നത് ഹർമൻപ്രീത് കൗറാണ്. വനിതാ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളാണു ടീമിലെ പ്രധാന ആകർഷണം.
ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ പോരാട്ടം ഒക്ടോബർ നാലിനു ന്യൂസിലൻഡിനെതിരേയാണ്. ആറിനു പാകിസ്‌താനുമായി ഇന്ത്യൻ ടീം ഏറ്റുമുട്ടും. ഒൻപതിനു ശ്രീലങ്കയെയും 13 നു നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെയും ഇന്ത്യ നേരിടും. ലോകകപ്പിനു മുമ്പ് ഇന്ത്യൻ ടീം രണ്ടു സന്നാഹ മത്സരങ്ങൾ കളിക്കും. 29 നു വെസ്റ്റിൻഡീസുമായും ഒക്ടോബർ ഒന്നിനു ദക്ഷിണാഫ്രിക്കയുമായും ഇന്ത്യൻ ടീം ഏറ്റുമുട്ടും. 2009 ൽ തുടങ്ങിയ വനിതാ ട്വന്റി20 ലോക കപ്പിൽ ഏറ്റവുമധികം കൂടുതൽ ചാമ്പ്യൻമാരായത് ഓസ്ട്രേലിയ യാണ്. ആറു തവണ അവർ ലോക ചാമ്പ്യനായി. ഇംഗ്ലണ്ടും വെസ്റ്റിൻഡീസും ഒരു തവണ വീതം ജേതാക്കളായി.