തിരുവനന്തപുരം: വനസംരക്ഷണത്തിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കി വനം ബിൽ ഭേദഗതി. ഫോറസ്റ്റ് ഓഫിസർമാർക്ക് കൂടുതൽ അധികാരങ്ങളാണ് സർക്കാർ ബില്ലിൽ നൽകിയിരിക്കുന്നത്. നിലവിൽ കാട്ടിൽ കുറ്റകൃത്യങ്ങൾ ഉണ്ടായാൽ അറസ്റ്റിനായി മജിസ്ട്രേറ്റിന്റെയും മേൽ ഉദ്യോഗസ്ഥരുടെയും ഉത്തരവിനായി കാത്തു നിൽക്കേണ്ടിവരുന്നുണ്ട്. എന്നാൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തിക മുതലുള്ള ഓഫിസർമാർക്ക് ആവശ്യമെന്നു തോന്നിയാൽ അനുമതി കൂടാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരം ഭേദഗതി ബില്ലിലുണ്ട്. ഇതിനൊപ്പം കുറ്റകൃത്യങ്ങൾക്കുള്ള പിഴത്തുക വലിയ തോതിൽ ഉയർത്തിയിട്ടുണ്ട്. സ്വകാര്യ ഭൂമിയിലെ ചന്ദനം വെട്ടുന്നതിനു നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവു വരുത്താനും തീരുമാനിച്ചു. വനംവകുപ്പ് വഴി ചന്ദനമരം വിൽക്കാനുള്ള അനുമതിയും സ്ഥലം ഉടമകൾക്കു നൽകും. അനധികൃതമായി ചന്ദനം വെട്ടിയാൽ മൂന്നു മുതൽ ഏഴു വർഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിക്കാവുന്നതാണ്. പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളാനുള്ള ഇടമായി സംസ്ഥാനത്ത് വനത്തെ ഉപയോഗപ്പെടുത്തുന്നതിനു തടയിടാൻ ശക്തമായ നടപടികളാണ് ബില്ലിൽ വ്യക്തമാക്കിയിരിക്കുന്നത്. മീൻ പിടിക്കാൻ വനത്തിനുള്ളിലെ ജലസ്രോതസുകളിൽ വിഷം കലർത്തുന്നതുൾപ്പെടെ കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാക്കും.
വനാതിർത്തി നിശ്ചയിക്കുന്ന വേലകളും കയ്യാലകളും തകർക്കുന്നതും കുറ്റകരമാക്കി. തോക്കും വെടിക്കോപ്പുകളുമായി വനത്തിൽ പ്രവേശിക്കുന്നതും വന്യമൃഗങ്ങൾക്കു തീറ്റ കൊടുക്കുന്നതും അവരെ ശല്യപ്പെടുത്തുന്നതും മീൻപിടിത്തത്തിനായി വനത്തിനുളളിൽ കയറുന്നതും ശക്തമായ ശിക്ഷാ നടപടികൾക്ക് ഇടയാക്കും. കുറ്റകൃത്യങ്ങൾക്ക് 1000 രൂപ പിഴ ഈടാക്കിയിരുന്നത് 5,000 ആയും 5,000 എന്നത് 25,000 ആയും വർധിപ്പിച്ചിട്ടുണ്ട്.