ജറുസലേം: വടക്കൻ ഗസ്സയിലേക്ക് ജനങ്ങളെ മടങ്ങിവരാൻ അനുവദിക്കില്ലെന്ന് ഇസ്രായേലി സൈന്യത്തിലെ ബ്രിഗേഡിയർ ജനറല്‍ ഇറ്റ്സിക് കോഹൻ. ഒരാളും വടക്കൻ മേഖലയിലേക്ക് തിരികെ വരില്ല. ജബലിയ പോലുള്ള ഗസ്സയിലെ വടക്കൻ മേഖലകളില്‍ ഇസ്രായേലി സൈന്യത്തിന്റെ പ്രവർത്തനം പുനരാരംഭിക്കേണ്ടതിനാലാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
മാനുഷിക സഹായം ഗസ്സയുടെ തെക്കൻ മേഖലയിലേക്ക് മാത്രമാണ് പതിവായി വരാൻ അനുവദിക്കൂ, വടക്കൻ ഭാഗത്തേക്ക് അനുവദിക്കില്ല. അവിടെ താമസക്കാർ ആരും അവശേഷിക്കാത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. 162ാം ഡിവിഷന്റെ കമാൻഡറാണ് ഇറ്റ്സിക് കോഹൻ. വടക്കൻ ഗസ്സയിലേക്ക് ആളുകളെ തിരികെ വരാൻ അനുവദിക്കില്ലെന്ന് ഐഡിഎഫിന്റെ മറ്റു ഉദ്യോഗസ്ഥരും സമാനമായ പ്രസ്താവനകള്‍ നേരത്തെ നടത്തിയിരുന്നു.
അതേസമയം, കോഹന്റെ പരാമർശങ്ങള്‍ സന്ദർഭത്തിന് പുറത്തുള്ളതാണെന്നും ഇസ്രായേലി സൈന്യത്തിന്റെ ലക്ഷ്യങ്ങളെയും മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നില്ലെന്നും ഐഡിഎഫ് വക്താവ് പിന്നീട് അറിയിച്ചു. ജബലിയ ഉള്‍പ്പെടെയുള്ള വടക്കൻ മേഖലയിലേക്ക് മാനുഷിക സഹായം അനുവദിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
ജബലിയയില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകുന്നത് ഹമാസ് ഏറെക്കാലമായി തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. ഭക്ഷണവും വെള്ളവും തടഞ്ഞുവെക്കുകയും ആളുകളെ വധിക്കുകയും ചെയ്തതായും ഐഡിഎഫ് വക്താവ് ആരോപിച്ചു. എന്നാല്‍, ഇവിടെ കൂട്ടക്കൊലകളാണ് ഇസ്രായേല്‍ സൈന്യം നടത്തിയിട്ടുള്ളത്. കണക്കുകള്‍ പ്രകാരം ഇപ്പോള്‍ ജബലിയയില്‍ നൂറുകണക്കിന് പേർ മാത്രമാണ് ബാക്കിയുള്ളത്.
മേഖലയിലെ തങ്ങളുടെ പ്രവർത്തനം വിജയകരമാണെന്നാണ് ഐഡിഎഫ് അവകാശപ്പെടുന്നത്. ഹമാസടക്കമുള്ള സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 700ഓളം പേരെ ഇവിടെനിന്ന് പിടികൂടിയെന്നും ഇവരെ ചോദ്യം ചെയ്യലിനായി ഷിൻബെതിന് കൈമാറിയെന്നും സൈന്യം പറയുന്നുണ്ട്. ഏകദേശം 1000 സായുധധാരികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും അവകാശപ്പെട്ടു. യുദ്ധം ആരംഭിച്ചശേഷം ലക്ഷക്കണക്കിന് പേരാണ് വടക്കൻ ഗസ്സയില്‍നിന്ന് റഫയിലേക്കടക്കം പലായനം ചെയ്തത്. നിരവധി പേർ ഇവിടെ കൊല്ലപ്പെടുകയും ചെയ്തു. കൂടാതെ ആവശ്യത്തിന് മാനുഷിക സഹായം ലഭിക്കാത്തതിനാല്‍ ജനം പട്ടിണിയിലുമാണ്. ഇതിനിടയിലാണ് ജനറല്‍ ബ്രിഗേഡിയറുടെ പ്രസ്താവന വരുന്നത്.