കണ്ണൂർ: അവധിക്കാല യാത്രാ തിരക്കിനിടെ വടക്കൻ കേരളത്തിലൂടെ പുതിയ സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് സതേൺ റെയിൽവേ. തമിഴ്നാട്ടിലെ ഈറോഡിൽ നിന്ന് പാലക്കാട് – കോഴിക്കോട് – കാസർകോട് വഴി രാജസ്ഥാനിലെ ബാർമറിലേക്കാണ് പുതിയ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇരുദിശകളിലേക്കുമായി 20 സർവീസുകൾ നടത്തുന്ന ട്രെയിനിന് കേരളത്തിൽ ആറ് സ്റ്റോപ്പുകളാണ് അനുവദിച്ചിരിക്കുന്നത്. . ഇരുദിശകളിലേക്കുമായി 20 സർവീസുകൾ നടത്തുന്ന ട്രെയിനിന് കേരളത്തിൽ ആറ് സ്റ്റോപ്പുകളാണ് അനുവദിച്ചിരിക്കുന്നത്. സർവീസും സമയക്രമവും സ്റ്റോപ്പുകളും വിശദമായി അറിയാം.
ട്രെയിൻ നമ്പർ 06097 ഈറോഡ് – ബാർമർ സ്പെഷ്യൽ ട്രെയിൻ ഏപ്രിൽ എട്ട് മുതൽ ജൂൺ 10 വരെ ചൊവ്വാഴ്ചകളിൽ രാവിലെ 06:20ന് ഈറോഡിൽ നിന്ന് പുറപ്പെട്ട് മൂന്നാംദിനം രാവിലെ 04:30ന് ബാർമറിൽ എത്തിച്ചേരും. ട്രെയിൻ നമ്പർ 06098 ബാർമർ – ഈറോഡ് പ്രതിവാര സ്പെഷ്യൽ ട്രെയിൻ ഏപ്രിൽ 11 മുതൽ ജൂൺ 13വരെ വെള്ളിയാഴ്ചകളിൽ രാത്രി 10:50ന് ബാർമറിൽ നിന്ന് പുറപ്പെട്ട് മൂന്നാംദിനം രാത്രി 08:15ന് ഈറോഡിൽ എത്തും
രണ്ട് എസി ത്രീടയർ കോച്ചുകളും 14 സ്ലീപ്പർ ക്ലാസ് കോച്ചുകളും നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും, ഭിന്നശേഷിക്കാർക്കായുള്ള രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകളുമാണ് സ്പെഷ്യൽ ട്രെയിനിനുള്ളത്. ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഈറോഡ് നിന്ന് ബർമറിലേക്ക് സ്ലീപ്പർ ക്ലാസിന് 1080 രൂപയും തേർഡ് എസിയ്ക്ക് 2705 രൂപയുമാണ് സ്പെഷ്യൽ ട്രെയിൻ ടിക്കറ്റ് നിരക്ക്. ഷൊർണൂരിൽ നിന്ന് കാസർകോടേക്ക് ഇത് യഥാക്രമം 415 രൂപയും 1100 രൂപയുമാണ്. ഈറോഡിൽ നിന്ന് ചൊവ്വാഴ്ചകളിൽ രാവിലെ 06:20ന് പുറപ്പെടുന്ന ട്രെയിൻ തിരുപ്പൂർ, പൊതന്നൂർ സ്റ്റോപ്പുകൾ പിന്നിട്ട് രാവിലെ 09:30നാണ് പാലക്കാട് സ്റ്റേഷനിലെത്തുക. തുടർന്ന് ഷൊർണൂർ 10:20, തിരൂർ 11:08, കോഴിക്കോട് 11:50, കണ്ണൂർ 01:22, കാസർകോട് 02:43 സ്റ്റേഷനുകൾ പിന്നിട്ട് വൈകീട്ട് നാല് മണിയോടെ മംഗളൂരുവിൽ എത്തിച്ചേർന്ന് യാത്ര തുടരും. വെള്ളിയാഴ്ചകളിൽ ബാർമറിൽ നിന്ന് പുറപ്പെടുന്ന സ്പെഷ്യൽ സർവീസ് ഞായറാഴ്ച രാവിലെ 10:20നാണ് മംഗളൂരുവിലെത്തുക. തുടർന്ന് കാസർകോട് 11:08, കണ്ണൂർ 12:17, കോഴിക്കോട് 01:52, തിരൂർ 02:28, ഷൊർണൂർ 03:30, പാലക്കാട് 04:12 സ്റ്റേഷനുകൾ പിന്നിട്ട് രാത്രി 08:15ന് ഈറോഡിൽ എത്തുന്ന വിധത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.