ഗുവാഹാത്തി: വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 34 പേര്‍ മരിച്ചു. അസം, മണിപ്പൂര്‍, ത്രിപുര, സിക്കിം, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 34 പേര്‍ മരിച്ചത്. വടക്കന്‍ സിക്കിമില്‍ 1,200-ലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. മേഘാലയയിലെ 10 ജില്ലകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. ത്രിപുരയില്‍ പതിനായിരത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. അസമിലെ 19 ജില്ലകളിലായി 764 ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം നാശം വിതച്ചതായും ഇത് 3.6 ലക്ഷം ആളുകളെ ബാധിച്ചു. ഇന്ന് രണ്ട് പേര്‍ കൂടി മരിച്ചതോടെ അസമില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 10 ആയി.വ്യോമസേനയെയും അസം റൈഫിള്‍സിനെയും ഇന്ന് വെള്ളപ്പൊക്ക രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിളിച്ചിട്ടുണ്ട്.
ദിബ്രുഗഡ്, നീമാതിഘട്ട് എന്നിവിടങ്ങളില്‍ ബ്രഹ്‌മപുത്ര നദി അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. മറ്റ് അഞ്ച് നദികളും അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. മെയ് 29 ന് മുന്‍ഷിതാങ്ങിലെ ടീസ്റ്റ നദിയിലേക്ക് വാഹനം മറിഞ്ഞ് കാണാതായ എട്ട് വിനോദസഞ്ചാരികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പതിനായിരത്തിലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കി. അസം, സിക്കിം, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിമാരുമായും മണിപ്പൂര്‍ ഗവര്‍ണറുമായും അദ്ദേഹം സംസാരിച്ചു.’അസം, സിക്കിം, അരുണാചല്‍ പ്രദേശ് തുടങ്ങി കനത്ത മഴ തുടരുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും മണിപ്പൂര്‍ ഗവര്‍ണറുമായും സംസാരിച്ചു. ഏത് സാഹചര്യത്തെയും നേരിടാന്‍ സാധ്യമായ എല്ലാ സഹായവും അവര്‍ക്ക് ഉറപ്പ് നല്‍കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ പിന്തുണയ്ക്കാന്‍ മോദി സര്‍ക്കാര്‍ ഒരു പാറ പോലെ നിലകൊള്ളുന്നുവെന്നും’ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്സില്‍ പോസ്റ്റ് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചതായും അസം മന്ത്രി ജയന്ത മല്ല ബറുവ അറിയിച്ചു.