Wednesday, October 29, 2025
No menu items!
Homeവാർത്തകൾവഖഫ് സ്വത്ത് ബോർഡിന് തീരുമാനിക്കാനാകില്ല; സിഇഒയെ സർക്കാർ നേരിട്ട് നിയമിക്കും

വഖഫ് സ്വത്ത് ബോർഡിന് തീരുമാനിക്കാനാകില്ല; സിഇഒയെ സർക്കാർ നേരിട്ട് നിയമിക്കും

ന്യൂഡൽഹി: വഖഫ് ബോർഡുകൾ, ട്രൈബ്യൂണലുകൾ തുടങ്ങിയവയുടെ അധികാരങ്ങളിൽ നിർണായക മാറ്റങ്ങൾ വരുത്തുന്നതാണു കേന്ദ്രസർക്കാർ ഇന്നു പാർലമെന്റിൽ അവതരിപ്പിക്കുന്ന വഖഫ് ഭേദഗതി ബിൽ. ബില്ലിനെതിരെ ബിജെപി ഒഴികെയുള്ള എല്ലാ പാർട്ടികളുടെയും പിന്തുണ തേടാനാണു മുസ്‌ലിം ലീഗിന്റെ തീരുമാനം.

1995 ലെ വഖഫ് നിയമത്തിലാണു ഭേദഗതി. ഇസ്‍ലാമിക നിയമം അനുശാസിക്കുന്ന മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങൾക്കായി ഒരു വ്യക്തി സമർപ്പിക്കുന്ന സ്വത്താണ് ‘വഖഫ്’. ഇത്തരം സ്വത്തുക്കളുടെ മേൽനോട്ടമാണു വഖഫ് ബോർഡുകളുടെ ചുമതല.

ഒരു നിശ്ചിത വസ്തു ‘വഖഫ്’ സ്വത്ത് ആണോയെന്നു തീരുമാനിക്കാൻ വഖഫ് ബോർഡിന് അനുമതി നൽകിയിരുന്ന 40–ാം വകുപ്പ് റദ്ദാക്കും. കുറഞ്ഞത് 5 വർഷമെങ്കിലുമായി ഇസ്‍ലാം മതവിശ്വാസിയായ വ്യക്തി സ്വന്തം ഉടമസ്ഥതയിലുള്ള വസ്തു കൈമാറുന്നതാണ് ‘വഖഫ്’ എന്ന പുതിയ നിർവചനവും നൽകും.

മറ്റ് പ്രധാന വ്യവസ്ഥകൾ

∙ കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും 2 അംഗങ്ങൾ മുസ്‍ലിം അല്ലാത്തവരായിരിക്കണം. 2 വനിതകൾ വേണമെന്നതു നിലനിർത്തും.
∙ വഖഫ് സ്വത്തുക്കൾ സർവേ ചെയ്യാനുള്ള അധികാരം സർവേ കമ്മിഷണർമാരിൽനിന്ന് കലക്ടർമാരിലേക്കു കൈമാറും.

∙ കേന്ദ്ര വഖഫ് കൗൺസിലിൽ അംഗമാകേണ്ട 3 എംപിമാർ മുസ്‍ലിം സമുദായത്തിൽനിന്നായിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കും. മുൻ ജഡ്ജിമാർ, അഡ്വക്കറ്റ്, 4 വിദഗ്ധർ എന്നിവർക്കും സമുദായം ബാധകമല്ലാതാകും. ജോയിന്റ്/അഡീഷനൽ സെക്രട്ടറി റാങ്കിലുള്ള കേന്ദ്ര ഉദ്യോഗസ്ഥനും അംഗമാകും.

∙ സംസ്ഥാന വഖഫ് ബോർഡിൽ അംഗമാകുന്ന എംപി, എംഎൽഎ, ബാർ കൗൺസിൽ അംഗം എന്നിവർ മുസ്‍ലിം സമുദായത്തിൽ നിന്നാകണമെന്ന വ്യവസ്ഥ മാറ്റും. മുസ്‍ലിം സമുദായ അംഗങ്ങളായ മുനിസിപ്പൽ കൗൺസിലർമാർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർക്ക് അംഗമാകാം. 2 വീതം എംപിമാർ, എംഎൽഎമാർ, ബാർ കൗൺസിൽ അംഗങ്ങൾ എന്നുള്ളത് ഒന്നു വീതമാക്കും.

∙ സിഇഒ സ്ഥാനത്തേക്ക് വഖഫ് ബോർഡിനു നാമനിർദേശം ചെയ്യാനാകില്ല. സംസ്ഥാന സർക്കാരിനു നേരിട്ടു നിയമിക്കാം. നിലവിൽ ബോർഡ് നിർദേശിക്കുന്ന 2 പേരുകളിലൊന്നാണു തീരുമാനിക്കുന്നത്. സിഇഒ മുസ്‍ലിം ആയിരിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കും. (സർക്കാരിന്റെ ഇംഗിതത്തിനു വഴങ്ങുന്ന ഒരാൾ സിഇഒ ആകുമെന്ന് മുസ്‍ലിം ലീഗിന്റെ വിമർശനം.)

∙ സ്വത്ത് തർക്കങ്ങളിൽ വഖഫ് ട്രൈബ്യൂണലുകളുടെ തീരുമാനം അന്തിമമാണെന്ന വ്യവസ്ഥ റദ്ദാക്കും. ട്രൈബ്യൂണലുകളെ സമീപിക്കാനുള്ള സമയപരിധി ഒരു വർഷമായിരുന്നത് 2 വർഷമാക്കി. കൃത്യമായ കാരണമുണ്ടെങ്കിൽ അതുകഴിഞ്ഞും സമീപിക്കാം. ട്രൈബ്യൂണൽ ഉത്തരവിനെതിരെ 90 ദിവസത്തിനകം ഹൈക്കോടതിയിൽ അപ്പീൽ നൽകാം. ട്രൈബ്യൂണൽ നിലവിലില്ലെങ്കിൽ നേരിട്ട് ഹൈക്കോടതിയെ സമീപിക്കാം.

∙ ട്രൈബ്യൂണൽ അംഗസംഖ്യ മൂന്നായിരുന്നതു രണ്ടാക്കും. മുസ്‍ലിം നിയമങ്ങളിൽ അവഗാഹമുള്ള വ്യക്തി അംഗമായിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കും.

∙ നിയമം പ്രാബല്യത്തിൽ വന്ന് 15 ദിവസത്തിനകം വഖഫ് സ്വത്തുക്കളുടെ പട്ടിക സംസ്ഥാന സർക്കാർ കേന്ദ്രം തയാറാക്കുന്ന പോർട്ടലിൽ അപ്‍ലോഡ് ചെയ്യണം.

∙ വഖഫ് സ്വത്തായി മാറ്റുന്നതിന് മുൻപു ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനായി പത്രങ്ങളിൽ പരസ്യം നൽകണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments