വാഷിങ്ടണ്‍: കാലിഫോര്‍ണിയ സംസ്ഥാനത്തെ വിവിധ മേഖലകളെ വിഴുങ്ങിയ കാട്ടുതീ വിതച്ചത് വലിയ നാശം. നരകത്തെക്കുറിച്ചുള്ള പുരാതന ഭാവനകളെല്ലാം അതേ പടി പകര്‍ത്തിവെച്ചത് പോലെയാണ് ലോസ് ആഞ്ചലസില്‍ നിന്നുള്ള കാഴ്ചകള്‍. ആളിക്കത്തിയ തീ, വീടുകളെയും കെട്ടിടങ്ങളെയും പാടെ നശിപ്പിച്ചാണ് മുന്നോട്ട് നീങ്ങിയത്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങളെയെല്ലാം തോല്‍പ്പിച്ചുകൊണ്ട് ശക്തമായ വരണ്ട കാറ്റ് ആഞ്ഞുവീശിയതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. കാട്ടുതീയില്‍ ഇത് വരെ അഞ്ച് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. ആയിരത്തിലധികം കെട്ടിടങ്ങള്‍ കത്തിയമര്‍ന്നു. ഒരു ലക്ഷത്തിലധികം പേരെ ഒഴിപ്പിച്ചിട്ടുണ്ട്.
ചെകുത്താന്‍ കാറ്റെന്ന് വിളിക്കുന്ന സാന്റ അന കാറ്റാണ് കാട്ടുതീകള്‍ക്ക് പിന്നിലെ ശക്തി. തീ അണയ്ക്കാന്‍ കൂടുതല്‍ വെള്ളം ഉപയോഗിച്ചതോടെ ലോസ് ആഞ്ചല്‍സിലെ കുടിവെള്ള വിതരണവും പ്രതിസന്ധിയിലായിട്ടുണ്ട്. ഇറ്റലിയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കിയ പ്രസിഡന്റ് ജോ ബൈഡന്‍, കാലിഫോര്‍ണിയയിലെ കാട്ടുതീ ദുരന്തത്തെ മഹാ ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്തു. മൊത്തം മുപ്പതിനായിരത്തോളം ഏക്കറാണ് കത്തി നശിച്ചത്.