Thursday, March 12, 2026
No menu items!
Homeവാർത്തകൾലോകത്ത് ആദ്യമായി അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്‌ളാവസും ഒന്നിച്ച് ബാധിച്ച 17കാരനെ രക്ഷപ്പെടുത്തി ...

ലോകത്ത് ആദ്യമായി അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്‌ളാവസും ഒന്നിച്ച് ബാധിച്ച 17കാരനെ രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അഭിമാനകരമായ നേട്ടം കൈവരിച്ചു.

തിരുവനന്തപുരം: അപൂര്‍വ അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്‌ളാവസ് ഫംഗസ് മസ്തിഷ്‌ക അണുബാധയും ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 17 വയസുകാരൻ തിരികെ ജീവിതത്തിലേക്ക്. ലോകത്ത് തന്നെ വളരെ അപൂര്‍വമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ രണ്ട് മസ്തിഷ്‌ക അണുബാധയും ഒരുമിച്ച് ബാധിച്ച ഒരാള്‍ രക്ഷപ്പെടുന്നത് ഇതാദ്യമായാണ്. അമീബിക് മസ്തിഷ്‌ക ജ്വര ചികിത്സയിലും കേരളം ഏറെ മുന്നിലാണ്. ആഗോള തലത്തില്‍ 99 ശതമാനം മരണനിരക്കുള്ള രോഗത്തിനെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെയും ചികിത്സയിലൂടെയും 24 ശതമാനമാക്കി കുറയ്ക്കാന്‍ കേരളത്തിനായി. ഗുരുതരമായ അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച് മൂന്ന് മാസത്തോളം ചികിത്സയിലായിരുന്ന കൊല്ലം ശൂരനാട് സ്വദേശിയായ വിദ്യാര്‍ത്ഥിയേയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പൂര്‍ണ ആരോഗ്യത്തോടെ ഡിസ്ചാര്‍ജ് ചെയ്തത്. തുടര്‍ പരിശോധനയ്ക്ക് എത്തിയപ്പോഴും പൂര്‍ണ ആരോഗ്യവാനായിരുന്നു. മികച്ച ചികിത്സയും പരിചരണവും ഒരുക്കി കുട്ടിയെ രക്ഷിച്ചെടുത്ത മെഡിക്കല്‍ കോളേജിലെ മുഴുവന്‍ ടീമിനേയും രോഗം കൃത്യ സമയത്ത് കണ്ടുപിടിച്ച ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് കുളത്തില്‍ മുങ്ങിക്കുളിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ കുട്ടിയ്ക്ക് മസ്തിഷ്‌കജ്വരം ഉണ്ടാകുകയും അതിനെ തുടര്‍ന്ന് ബോധക്ഷയവും ഇടത് വശം തളരുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയില്‍ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡില്‍ അമീബയുടെ സാന്നിധ്യം കണ്ടെത്തി. ഉടന്‍ തന്നെ സംസ്ഥാന പ്രോട്ടോകോള്‍ പ്രകാരമുള്ള അമീബിക് മസ്തിഷ്‌കജ്വര ചികിത്സ ആരംഭിച്ചതോടെ തളര്‍ച്ചയ്ക്കും ബോധക്ഷയത്തിനും മാറ്റമുണ്ടായി. എങ്കിലും, കാഴ്ച മങ്ങുകയും തലച്ചോറിനകത്ത് സമ്മര്‍ദ്ദം കൂടുകയും പഴുപ്പ് കെട്ടുകയും ചെയ്തതിനെ തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മെഡിക്കല്‍ കോളേജില്‍ കുട്ടിയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കി. എംആര്‍ഐ സ്‌കാനിംഗില്‍ തലച്ചോറില്‍ പലയിടത്തായി പഴുപ്പ് കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി പഴുപ്പ് നീക്കം ചെയ്തു. ആദ്യഘട്ട ചികിത്സയ്ക്ക് ശേഷം രോഗം വീണ്ടും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നു. രണ്ടാമത്തെ ശസ്ത്രക്രിയയില്‍ നീക്കം ചെയ്ത പഴുപ്പ് പരിശോധിച്ചപ്പോള്‍ ആസ്പര്‍ജില്ലസ് ഫ്‌ളാവസ് എന്ന ഫംഗസിന്റെ സാന്നിധ്യം കൂടി കണ്ടെത്തി. തുടര്‍ന്ന് മരുന്നുകളില്‍ മാറ്റം വരുത്തി വിദഗ്ധ ചികിത്സ തുടര്‍ന്നു. ഒന്നര മാസത്തോളം നീണ്ട ഈ തീവ്ര ചികിത്സയെ തുടര്‍ന്ന് രോഗം പൂര്‍ണമായും ഭേദമായി. രോഗം ഭേദമായതോടെ കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. മൂന്ന് മാസത്തെ കഠിനമായ പ്രയത്‌നത്തിനൊടുവില്‍ കുട്ടി പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments