വാഷിങ്ടൺ: വരുമാന കണക്കിൽ ലോകത്തെ ഏറ്റവും വലിയ കമ്പനിയായി മാറി ആമസോൺ. വാൾമാർട്ടിനെ മറികടന്നാണ് വ്യാപാരഭീമന്റെ നേട്ടം. ഇ-കോമേഴ്സിൽ തുടങ്ങി ക്ലൗഡ് കമ്പ്യൂട്ടിങ് വരെ പടർന്ന് കിടക്കുന്നതാണ് ആമസോണിന്റെ ബിസിനസ് സാമ്രാജ്യം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി വാൾമാർട്ടായിരുന്നു വരുമാനകണക്കിൽ ഒന്നാമതുണ്ടായിരുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ വാൾമാർട്ടിന് 713.2 ബില്യൺ ഡോളറിന്റെ വരുമാനമാണ് ഉണ്ടായത്. എന്നാൽ, ഇക്കാലയളവിൽ ആമസോൺ 717 ബില്യൺ ഡോളർ വരുമാനം നേടി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ബിസിനസ് രംഗത്ത് വൻ വളർച്ചയാണ് ആമസോണിനുണ്ടായത്. റീടെയിൽ ഉൾപ്പടെയുള്ള മേഖലയിലുണ്ടായ പുരോഗതിയും ആമസോൺ വെബ് സർവീസിനുണ്ടായ നേട്ടവുമാണ് കമ്പനിക്ക് തുണയായത്. റീട്ടെയിൽ മേഖലയിൽ ആമസോണും വാൾമാർട്ടും നേരിട്ടുള്ള എതിരാളികളായി തുടരുന്നു. ഓൺലൈൻ വിപണിയിൽ ആമസോണിന് സമ്പൂർണ്ണ ആധിപത്യമുണ്ട്. കമ്പനിയുടെ വെബ്സൈറ്റും ആപും ഏകദേശം 2.7 ബില്യൺ ആളുകളാണ് സന്ദർശിക്കുന്നത്. അതേസമയം, ഓഫ് ലൈൻ സ്റ്റോറുകളിൽ വാൾമാർട്ടിനാണ് ആധിപത്യം. യു.എസ് ഉൾപ്പടെയുള്ള വിപണികളിൽ നിരവധി വാൾമാർട്ട് സ്റ്റോറുകളാണ് ഉള്ളത്. അതേസമയം, വിപണിമൂല്യത്തിൽ ഇപ്പോഴും ആമസോണല്ല മുന്നിൽ. നിവിഡിയയാണ് വിപണിമൂല്യത്തിൽ മുന്നിലുള്ള കമ്പനി. 4.5 ട്രില്യൺ ഡോളറാണ് നിവിഡിയയുടെ ആകെ വിപണി മൂല്യം. ഇത് ആമസോണിന്റെ വിപണിമൂല്യത്തിന്റെ ഇരട്ടിയാണ്.



