ന്യൂയോർക്ക്: വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപിനെ സന്ദർശിക്കാൻ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ എത്തുന്നു. സൗദിക്കുള്ള ആദരമായി സന്ദർശനം മാറുമെന്ന് പറഞ്ഞുകൊണ്ട് ഡോണൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ട ഡോണൾഡ് ട്രംപിന്റെ ഗൾഫ് സന്ദർശനത്തിന് ശേഷമുള്ള ഏറ്റവും പ്രധാന കൂടിക്കാഴ്ച്ചയാണ് അമേരിക്കൻ പ്രസിഡണ്ടും സൗദി കിരീടാവകാശിയും തമ്മിൽ നടക്കാൻ പോകുന്നത്. ചൊവ്വാഴ്ചയാകും സൗദി കിരീടാവകാശി അമേരിക്കയിലെത്തു
ഗൾഫ് രാഷ്ട്രങ്ങളുമായി ബന്ധം ദൃഢമാക്കുന്നത് പ്രധാന അജണ്ടയാക്കിയ അമേരിക്കൻ പ്രസിഡണ്ട്, സൗദി കിരീടാവകാശി വൈറ്റ് ഹൗസിലെത്തുമ്പോൾ ഒരുക്കുന്നത് മറക്കാനാവാത്ത സ്വീകരണമാണെന്നുറപ്പ്. സൗദിക്കും കിരീടാവകാശിക്കുമുള്ള ആദരമായി സന്ദർശനം മാറുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. സൗദി കിരീടാവകാശിയുടെ ആദ്യ ഔദ്യോഗിക അമേരിക്ക സന്ദർശനമാണിത്. മറ്റന്നാളാണ് മുഹമ്മദ് ബിൻ സൽമാൻ വൈറ്റ് ഹൗസിലെത്തുക. ഓവൽ ഓഫീസിലെ ഉഭയകക്ഷി കൂടിക്കാഴ്ച്ച, പ്രധാന സൈനിക – വ്യാപാര കരാറുകൾ എന്നിവ സന്ദർശനത്തിന്റെ ഭാഗമാണ്. സൗദി കിരീടാവകാശിക്ക് അമേരിക്കൻ പ്രസിഡണ്ട് അത്താഴ വിരുന്നൊരുക്കും. വമ്പൻ വ്യാപാര ചർച്ചകളും ഇരുവരും തമ്മിൽ നടക്കുമെന്നാണ് പ്രതീക്ഷ.
മാസങ്ങൾക്ക് മുൻപ് ഡോണൾഡ് ട്രംപ്, സൗദി ഉൾപ്പടെ ഗൾഫ് രാജ്യങ്ങളിൽ നടത്തിയ സന്ദർശനത്തിൽ ബില്യൺ കണക്കിന് ഡോളർ കരാറുകളാണ് പിറന്നത്. അമേരിക്കൻ വിപണിക്ക് തന്നെ ഇത് വലിയ ഊർജമായിരുന്നു. അന്ന് സൗദി കിരീടാവകാശിയുടെ മുന്നിൽ വെച്ച് സിറിയക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുന്നത് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതും വലിയ ശ്രദ്ധ നേടിയിരുന്നു. പുതിയ കൂടിക്കാഴ്ച്ചയിൽ ചൊവ്വാഴ്ച്ചയും സർപ്രൈസ് പ്രഖ്യാപനങ്ങളും തീരുമാനങ്ങളും പ്രതീക്ഷിക്കാം



