ചെങ്ങമനാട്: സെന്റ് തോമസ് ഹൈസ്കൂൾ മലയാറ്റൂരിലെ ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് കുട്ടികൾ ലഹരി വിരുദ്ധ സൈക്കിൾ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. സ്കൂളിൽ നിന്ന് ആരംഭിച്ച സൈക്കിൾ റാലി വാർഡ് മെമ്പർ സേവ്യർ വടക്കുഞ്ചേരി ഫ്ലാഗ് ഓഫ് ചെയ്തു. മലയാറ്റൂർ, കാടപ്പാറ, അടിവാരം, യൂക്കാലിത്തോട്ടം, കുന്നിലങ്ങാടി, നടുവട്ടം, മുണ്ടങ്ങാമറ്റം, സെബിയൂർ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച സൈക്കിൾ റാലി തിരിച്ച് സ്കൂളിൽ സമാപിച്ചു. സ്കൂളിലും നടുവട്ടം ജംഗ്ഷനിലും കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഫ്ലാഷ് മോബ് അവതരിപ്പിച്ചു. നടുവട്ടം ജംഗ്ഷനിൽ നടന്ന യോഗം വാർഡ് മെമ്പർ ജോയിസൺ ഞാളിയൻ ഉദ്ഘാടനം ചെയ്തു. കാലടി എക്സൈസ് ഓഫീസിലെ പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് സിദ്ദിഖ് സി എ ബോധവൽക്കരണ ക്ലാസ് നയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ജോസ് കെ ഡി, സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി എം പി, സീനിയർ അസിസ്റ്റന്റ് ഷിജു ആന്റണി, സ്കൗട്ട് മാസ്റ്റർ സനിൽ പി തോമസ് എന്നിവർ സംസാരിച്ചു. സമൂഹത്തെ മാരകമായി ബാധിക്കുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെയും പ്രദേശവാസികളെയും ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൗട്ട് ഗൈഡ് കുട്ടികൾ സൈക്കിൾ റാലി സംഘടിപ്പിച്ചത്. സ്കൂളിലെ സ്റ്റാഫ് അംഗങ്ങളായ പോളി കെ എ, ജോമി തോമസ്, രജിത ജോബി, സണ്ണി ചിറയത്ത്, ജൽസ ഉറുമീസ് ഗൈഡ് ക്യാപ്റ്റൻ റിയാമോൾ ജോൺ, സ്കൗട്ട് ലീഡർ ആൻസൺ അജോ എന്നിവർ നേതൃത്വം നൽകി. 6 മുതൽ 9 വരെ ക്ലാസുകളിൽ പഠിക്കുന്ന സ്കൗട്ട് ഗൈഡ് കുട്ടികളുടെ 50 പേരടങ്ങുന്ന സംഘമാണ് ലഹരി വിരുദ്ധ റാലിയിൽ പങ്കെടുത്തത്.