ശ്രീനഗർ: ലഡാക്കിലെ കാർഗിലിൽ ഭൂചലനം. വെള്ളിയാഴ്‌ച പുലർച്ചെയോടെയാണ് റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതാതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ജമ്മു കശ്‌മീരിലെ വിവിധ മേഖലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ന് പുലർച്ചെ 2.50ന് 15 കിലോമീറ്റർ താഴ്‌ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ജമ്മുവിലെയും ശ്രീനഗറിലെയും നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ ഭൂചലനം അനുഭവപ്പെട്ടതായി അവകാശപ്പെട്ടിരുന്നു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉൾപ്പെടെ അടയാളപ്പെടുത്തി നാഷണൽ സെന്റർ ഫോർ സീസ്മോളജി എക്‌സ് പോസ്‌റ്റ് പങ്കുവച്ചിരുന്നു. നിലവിൽ ലഭ്യമായ വിവരം അനുസരിച്ച് ഭൂചലനത്തിൽ ഇതുവരെയും ആളപായമില്ല.
ആർക്കും പരിക്കേൽക്കുകയോ കാര്യമായ നാശ നഷ്‌ടങ്ങൾ ഉണ്ടാവുകയോ ചെയ്‌തതായി എവിടെ നിന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. തുടർചലനങ്ങൾ ഉണ്ടാകുമ്പോൾ ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഭൂകമ്പബാധിത പ്രദേശങ്ങളിലെ ഘടനാപരമായ നാശനഷ്‌ടങ്ങൾ വിലയിരുത്തുന്നതിന്റെ നടപടികൾ പുരോഗമിക്കുകയാണ്.