വൈക്കം: റോഡിലെ വളവിൽ നിയന്ത്രണം വിട്ട ബൈക്ക് പാടത്തേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലറ തെക്കേ അറയ്ക്കലിൽഷാജിയുടെ മകൻ വിഷ്ണുഷാജി (32)ഉണ്ണിക്കുട്ടനാണ് മരിച്ചത്. ഇന്നലെ രാത്രി 10.30തോടെ വെച്ചൂർ ഇടയാഴം വല്യാറവളവിലായിരുന്നു അപകടം.
സഹോദരിയെ വിവാഹം കഴിച്ചയച്ച വീട്ടിൽ പോയശേഷം കല്ലറയിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. വളവിൽനിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞ ബൈക്കിൽ നിന്ന് തെറിച്ച് ഉയർന്ന് പൊങ്ങിയ യുവാക്കൾ പാടത്ത് കിടന്ന വൈദ്യുത പോസ്റ്റിൽ തട്ടി ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ സമീപവാസികൾ ചെളിയിൽ പുതഞ്ഞു കിടന്ന യുവാക്കളെ കരയ്ക്കെത്തിച്ച് ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും വിഷ്ണു ഷാജിയുടെ ജീവൻ രക്ഷിക്കാനായില്ല. വിഷ്ണു ഷാജിയ്ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ജിതിൻ (22)അപകടനില തരണം ചെയ്തിട്ടില്ല. വിഷ്ണു ഷാജി സ്വകാര്യ ബസ് തൊഴിലാളിയായിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് വൈകുന്നേരം 4.30ന് വീട്ടുവളപ്പിൽ സംസ്കരിക്കും. മാതാവ്:സരള, സഹോദരി: ആതിരഷാജി.