കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്കിലെ മുൻഗണന വിഭാഗം റേഷൻ കാർഡുകളിൽ പേര് ഉൾപ്പെട്ടിട്ടുള്ള മുഴുവൻ അംഗങ്ങളുടെയും മസ്റ്ററിങ് ആരംഭിച്ചു. ഒൿടോബർ 1 ആണ് അവസാന തീയതി. മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള മുൻഗണന കാർഡിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളും റേഷൻ കടയിൽ എത്തി മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കണം. മസ്റ്ററിങ് നടത്തുന്നതിനായി റേഷൻ കാർഡ്,ആധാർ കാർഡ് എന്നിവയും ഹാജരാക്കണം.
2024 ഓഗസ്റ്റ് 5 മുതൽ നാളിതുവരെ റേഷൻ കടയിൽനിന്ന് ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് റേഷൻ കൈപ്പറ്റിയവരും 2024 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ റേഷൻ കടയിൽ എത്തി മസ്റ്ററിങ് ചെയ്തവരും ഇനി വീണ്ടും മസ്റ്ററിങ് നടത്തേണ്ടതില്ല.
സുഗമമായി മസ്റ്ററിങ് പ്രക്രിയ പൂർത്തീകരിക്കുന്നതിന് മസ്റ്ററിങ് കാലയളവിലേയ്ക്ക് മാത്രം റേഷൻ കടകളുടെ പ്രവർത്തനസമയം ചുവടെ ചേർക്കുന്ന വിധം പുന:ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ റേഷൻ വിതരണവും മസ്റ്ററിങ്ങും, ഉച്ചയ്ക്ക് 12 മുതൽ ഒന്നു വരെ മസ്റ്ററിംഗ് മാത്രം, ഉച്ചകഴിഞ്ഞ് 3 മുതൽ 4 വരെ മസ്റ്ററിങ് മാത്രം, വൈകിട്ട് നാലു മുതൽ രാത്രി 7 മണി വരെ റേഷൻ വിതരണവും മസ്റ്ററിങ്ങും. പൊതുവിഭാഗം റേഷൻ കാർഡുകളുടെ മസ്റ്ററിന് ഇതോടൊപ്പം നടത്തുന്നതല്ല. ഇതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പ് പിന്നീട് നൽകുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.