റെയിൽവേയിൽ ടെക്നീഷ്യൻ ഗ്രേഡ് 3, ടെക്നീഷ്യൻ ഗ്രേഡ് 1, സിഗ്നൽ തസ്തികകളിൽ നിയമനത്തിന് റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകൾ (ആർ.ആർ.ബി) അപേക്ഷ ക്ഷണിച്ചു. കേന്ദ്രീകൃത തൊഴിൽ വിജ്ഞാപനം സി.ഇ.എൻ നമ്പർ: 02/2025. ആകെ 6238 ഒഴിവുകളാണുള്ളത്. (ഗ്രേഡ് 1 സിഗ്നൽ – 183, ഗ്രേഡ് 3 ടെക്നീഷ്യൻ – 6055). തിരുവനന്തപുരം ആർ.ആർ.ബിയിൽ 197 പേർക്ക് അവസരമുണ്ട്. ഓരോ വിഭാഗത്തിലും വിവിധ ഗ്രേഡുകളിൽ ലഭ്യമായ ഒഴിവുകൾ – ഗ്രേഡ് – 1 സിഗ്നൽ 6, ടെക്നീഷ്യൻ ഗ്രേഡ് 3- ട്രാക് മേഷ്യൻ – 8, ബ്ലാക്സ്മിത്ത് – 11, കാരിയേജ് ആൻഡ് വാഗൺ – 107, ഡീസൽ ഇലക്ട്രിക്കൽ – 5, ഡീസൽ (മെക്കാനിക്കൽ) -2, ഇലക്ട്രിക്കൽ (ജി.എസ്)- 11, ഇലക്ട്രിക്കൽ (ടി.ആർ.ഡി) – 7, ഇ.എം.യു – 2, റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് – 21, റിവെറ്റർ – 7, വെൽഡർ (ഒ.എ.എൽ) – 10. നിശ്ചിത ഒഴിവുകൾ എസ്.സി,എസ്.ടി, ഒ.ബി.സി, ഇ.ഡബ്ല്യു.എസ്, പി.ഡബ്ല്യു.ഡി വിഭാഗങ്ങളിൽ ബന്ധപ്പെട്ടവർക്ക് സംവരണം ചെയ്തിട്ടുണ്ട്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.rrbthiruvananthapuram.gov.in ൽ. ജൂലൈ 28വരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും. യോഗ്യതാ മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, ശമ്പളം, സംവരണം മുതലായ സമഗ്ര വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്. യോഗ്യത: ടെക്നീഷ്യൻ ഗ്രേഡ് -1 സിഗ്നൽ – ബി.എസ് സി (ഫിസിക്സ്/ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇൻസ്ട്രുമെന്റേഷൻ). അല്ലെങ്കിൽ നിർദിഷ്ട സ്ട്രീമിൽ എൻജിനീയറിങ് ഡിേപ്ലാമ /ഡിഗ്രി. പ്രായപരിധി 18-33 വയസ്സ്. ടെക്നീഷ്യൻ ഗ്രേഡ് -3 – എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ഗ്രേഡിൽ ഐ.ടി.ഐ (എൻ.സി.വി.ടി/എസ്.സി.വി.ടി) സർട്ടിഫിക്കറ്റും. (അവസരം ഫിറ്റർ/ഇലക്ട്രീഷ്യൻ/ഇലക്ട്രോണിക്സ് മെക്കാനിക്/ഇൻസ്ട്രുമെന്റ് മെക്കാനിക്/ /മെക്കാനിക് മെക്കാട്രോണിക്സ്/ മെക്കാനിക് ഡീസൽ/മെക്കാനിക് മോട്ടോർ വെഹിക്കിൾ/വെൽഡർ/മെഷിനിസ്റ്റ്/ ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ/ഫൗണ്ടറിമാൻ/ പ്ലംബർ/കാർപന്റർ/ പൈപ്പ് ഫിറ്റർ/വയർമാൻ /മെക്കാനിക് പവർ ഇലക്ട്രോണിക്സ്/ മെക്കാനിക് ഓട്ടോമൊബൈൽ/ട്രാക്ടർ മെക്കാനിക്/പെയിന്റർ ജനറൽ മുതലായ ട്രേഡുകൾക്കാണ്) പ്രായപരിധി 18-30 വയസ്സ്. (എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ ആക്ട് അപ്രന്റീസ് പൂർത്തിയാക്കിയവരെയും പരിഗണിക്കും). അപേക്ഷ/പരീക്ഷാ ഫീസ്: 500 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി/വിമുക്ത ഭടന്മാർ/വനിതകൾ/ട്രാൻസ്ജൻഡർ മുതലായ വിഭാഗങ്ങൾക്ക് 250 രൂപ. വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം (ഏതെങ്കിലും ഒരു ആർ.ആർ.ബിയിൽ ഒറ്റ അപേക്ഷ മതി). സെലക്ഷൻ:കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, സർട്ടിഫിക്കറ്റ്/രേഖകളുടെ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പരീക്ഷാഘടനയും സിലബസും തിരഞ്ഞെടുപ്പ് നടപടികളും വിജ്ഞാപനത്തിൽ ലഭിക്കും.ടെക്നീഷ്യൻ ഗ്രേഡ് – 1 സിഗ്നൽ തസ്തികയിൽ തിരഞ്ഞെടുക്കപ്പെടുന്നവരെ 29,200 രൂപ അടിസ്ഥാന ശമ്പളത്തിലും ടെക്നീഷ്യൻ ഗ്രേഡ്-3 തസ്തികയിൽ 19,900 രൂപ അടിസ്ഥാന ശമ്പളത്തിലും നിയമിക്കും.