തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. 2024 ജനുവരി മുതൽ ഡിസംബർ വരെ 49.17 ലക്ഷം പേരാണ് തിരുവനന്തപുരം എയർപോർട്ട് വഴി യാത്ര ചെയ്തത്. 2023 ൽ ഇതേ കാലയളവിൽ 41.48 ലക്ഷം ആയിരുന്നു യാത്രക്കാരുടെ എണ്ണം. 2022-ൽ 31.11 ലക്ഷമായിരുന്നു ആകെ യാത്രക്കാർ. 2024ലെ ആകെ യാത്രക്കാരിൽ 26.4 ലക്ഷം പേർ ഇന്ത്യൻ നഗരങ്ങളിലേക്കും 22.7 ലക്ഷം പേർ വിദേശനഗരങ്ങളിലേക്കുമാണ് യാത്ര ചെയ്തത്. ഇന്ത്യൻ നഗരങ്ങളിൽ ബെംഗളുരു, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലേക്കും വിദേശ നഗരങ്ങളിൽ അബുദാബി, ഷാർജ, ദുബായ് എന്നിവിടങ്ങളിലേക്കുമാണ് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്തത്. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, എയർ അറേബ്യ എന്നീ എയർലൈനുകളാണ് കൂടുതൽ സർവീസുകൾ നടത്തിയത്.
നിലവിൽ പ്രതിദിനം ശരാശരി 100 സർവീസുകൾ വഴി 15000നു മുകളിൽ യാത്രക്കാരാണ് തിരുവനന്തപുരം എയർപോർട്ട് വഴി യാത്ര ചെയ്യുന്നത്.11 ഇന്ത്യൻ നഗരങ്ങളിലേക്കും 14 വിദേശനഗരങ്ങളിലേക്കും തിരുവനന്തപുരത്തു നിന്ന് സർവീസുകളുണ്ട്. കൂടാതെ പ്രതിമാസ യാത്രക്കാരുടെ ശരാശരി നാല് ലക്ഷത്തിന് മുകളിൽ എത്തി. ഡിസംബറിൽ മാത്രം യാത്ര ചെയ്തത് 4.52 ലക്ഷം പേരാണ്. വിമാനത്താവളം വഴിയുള്ള ആഭ്യന്തര കാർഗോ നീക്കവും 33.3 ശതമാനം വർധിച്ചു.