ദോഹ: റഷ്യൻ -അമേരിക്കൻ നയതന്ത്ര പ്രതിനിധികൾ വ്യാഴാഴ്ച തുർക്കിയയിലെ ഇസ്തംബൂളിൽ കൂടിക്കാഴ്ച നടത്തും. കഴിഞ്ഞയാഴ്ച സൗദിയിൽ നടത്തിയ ചർച്ചയുടെ തുടർച്ചയാണ് തുർക്കിയയിൽ നടക്കുകയെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് അറിയിച്ചു. ഇരു രാജ്യങ്ങളും ദീർഘനാളായി തുടർന്ന ശീതസമരത്തിന്റെ ഗതിമാറ്റുന്ന നീക്കങ്ങളാണ് ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്റായ ശേഷം നടക്കുന്നത്. യുക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷം റഷ്യയെ ഒറ്റപ്പെടുത്തുന്ന നയം യു.എസ് ശക്തമാക്കിയിരുന്നു. ഇരു രാജ്യങ്ങളും നിരവധി നയതന്ത്ര ജീവനക്കാരെ പരസ്പരം പുറത്താക്കിയിരുന്നു. ഇതിൽനിന്ന് മാറി ബന്ധം ശക്തിപ്പെടുത്താനും സാമ്പത്തിക രംഗത്ത് ഉൾപ്പെടെ സഹകരണത്തിനുമാണ് ഇപ്പോഴത്തെ ശ്രമം. റഷ്യയുമായി ആശയവിനിമയം നടത്തി യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന സൂചന ട്രംപ് നൽകിയിരുന്നു.