കോട്ടയം:- റബ്ബര്‍ വില തകര്‍ച്ച മൂലം പ്രതിസന്ധിയിലായിരിക്കുന്ന കേരളത്തിലെ കൃഷിക്കാരെ സഹായിക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് നടത്തിയ റബ്ബര്‍ കര്‍ഷക സമര പ്രഖ്യാപന സമ്മേളനം ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്‍ച്ചയായുണ്ടാകുന്ന വിലയിടിവ് മൂലം റബ്ബര്‍കാര്‍ഷിക മേഖല രൂക്ഷമായ തകര്‍ച്ചയിലെത്തിയിട്ടും റബ്ബര്‍ കൃഷിക്കാരെ രക്ഷിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്താന്‍ തയ്യാറാകാതെ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷക ജനതയെ വഞ്ചിച്ചിരിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാര്‍ അനാവശ്യമായി നടത്തിയ റബ്ബര്‍ ഇറക്കുമതി വിലയിടിവിന് മുഖ്യ കാരണമായിതീര്‍ന്നതായുള്ള ആക്ഷേപം രാജ്യവ്യാപകമായി ഉയര്‍ന്നിട്ടും റബ്ബര്‍ ഇറക്കുമതി അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. വന്‍കിട ടയര്‍ ലോബിയെ സഹായിക്കുന്ന കര്‍ഷക ദ്രോഹ നടപടികള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.കേരളത്തിലെ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ 250 രൂപയുടെ റബ്ബര്‍വില സ്ഥിരതാ ഫണ്ട് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും മുന്നോട്ടുവരണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.
യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന റബ്ബര്‍വില സ്ഥിരതാ ഫണ്ട് കൃഷിക്കാര്‍ക്ക് ഉപകരിക്കുന്ന വിധത്തില്‍ ഫലപ്രദമായി വര്‍ദ്ധിപ്പിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് എട്ട് വര്‍ഷമായിട്ടും കഴിഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ 250 രൂപയും കേന്ദ്രസര്‍ക്കാര്‍ ചുരുങ്ങിയത് 50 രൂപയുടെ ഇന്‍സെന്റീവ് അനുവദിച്ചാല്‍ കേരളത്തിലെ റബ്ബര്‍ കൃഷിക്കാര്‍ക്ക് 300 രൂപ ലഭ്യമാക്കാന്‍ കഴിയുമെന്നുള്ള യാഥാര്‍ത്ഥ്യം ഭരണാധികാരികള്‍ ഉള്‍ക്കൊള്ളണമെന്ന് മോന്‍സ് ജോസഫ് ചൂണ്ടിക്കാട്ടി. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ കൃഷിക്കാരെ സഹായിക്കാന്‍ പ്രത്യേക പാക്കേജുകള്‍ ആവിഷ്‌കരിച്ചില്ലെങ്കില്‍ സാധാരണക്കാരായ കൃഷിക്കാര്‍ റബ്ബര്‍കൃഷി പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് എം.എല്‍.എ. മുന്നറിയിപ്പ് നല്‍കി.
റബ്ബര്‍ വിലയിടിവിനെതിരെ സംസ്ഥാന വ്യാപകമായി കേരളാ കോണ്‍ഗ്രസ് തുടക്കം കുറിച്ച അനിശ്ചിതകാല കര്‍ഷക സമരത്തിന്റെ ഒന്നാംഘട്ടം കോട്ടയം ജില്ലയില്‍ നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഡിസംബര്‍ 14 ന് കോട്ടയത്ത് തിരുനക്കരയില്‍ റബ്ബര്‍കര്‍ഷക സത്യാഗ്രഹം നടത്തുന്നതാണ്. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എ. കര്‍ഷകസമരം ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായി എല്ലാ നിയോജകമണ്ഡലത്തിലും റബ്ബര്‍ കര്‍ഷക മാര്‍ച്ചും കൂട്ടധര്‍ണ്ണയും നടത്തുന്നതാണ്.
റബ്ബര്‍കര്‍ഷക സമരസമിതി കണ്‍വീനറും കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റുമായ അഡ്വ. ജയ്‌സണ്‍ ജോസഫ് ഒഴുകയില്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സെക്രട്ടറി ജനറല്‍ അഡ്വ. ജോയി എബ്രഹാം എക്‌സ് എം.പി. മുഖ്യപ്രഭാഷണം നടത്തി.
ഡെപ്യൂട്ടി ചെയര്‍മാന്‍ അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി. സമരപ്രഖ്യാപനം നടത്തി. കേരളാ കോണ്‍ഗ്രസ് നേതാക്കളായ കെ.എഫ്. വര്‍ഗ്ഗീസ്, സന്തോഷ് കാവുകാട്ട്, മാത്തുക്കുട്ടി പ്ലാത്താനം, സി.ഡി. വത്സപ്പന്‍, കുര്യാക്കോസ് പടവന്‍, സി.വി. തോമസുകുട്ടി, ജേക്കബ് കുര്യാക്കോസ്, ജോര്‍ജ്ജുകുട്ടി മാപ്ലശ്ശേരി, ജോയി ചെട്ടിശ്ശേരി, അനില്‍ വി. തയ്യില്‍, പ്രൊഫ. സി.കെ. ജയിംസ്, എബി പൊന്നാട്ട്, ജോസ് വഞ്ചിപ്പുര, തങ്കച്ചന്‍ മണ്ണുശ്ശേരി, ഷൈജി ഓട്ടപ്പള്ളി, ഷിജു പാറയിടുക്കില്‍, പി.റ്റി. ജോസ് പാരിപ്പള്ളി, കുഞ്ഞുമോന്‍ ഒഴുകയില്‍, ജേസി തറയില്‍, എ.ജെ. സൈമണ്‍, കെ.ഒ. തോമസ്, സച്ചിന്‍ സാജന്‍ ഫ്രാന്‍സിസ്, സെബാസ്റ്റ്യന്‍ കോച്ചേരി, ബാബു മുകാല, രാജേഷ് റ്റി.ജി., ബിനോയി ഉതുപ്പാന്‍, ജോബിന്‍ എസ്. കൊട്ടാരം തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാര്‍ട്ടി ഭാരവാഹികളായ തോമസ് കണ്ണന്തറ, മാഞ്ഞൂര്‍ മോഹന്‍കുമാര്‍, പ്രിന്‍സ് ലൂക്കോസ്, വി.ജെ. ലാലി, എ.കെ. ജോസഫ്, ബിനു ചെങ്ങളം, ചെറിയാന്‍ ചാക്കോ, പി.സി. മാത്യു, അജിത് മുതിരമല എന്നിവര്‍ വിവിധ കര്‍ഷക പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
റോയി ചാണകപ്പാറ, ജോസി ചക്കാല, ജോസ് പ്ലാശനാല്‍, ജോസ് പാറേട്ട്, വര്‍ഗ്ഗീസ് വാരിക്കാടന്‍, തോമ്മാച്ചന്‍ പാലക്കുടി, സബീഷ് നെടുംപറമ്പില്‍, ജോസ് വടക്കേക്കര, സിബി നെല്ലന്‍കുഴി, ജോസുകുട്ടി നെടുമുടി, ടോമി മാക്കിയില്‍, അഡ്വ. ജോസഫ് മുടക്കനാട്ട്, അഡ്വ. മനീഷ് ജോസ്, ജോസഫ് ബോനഫൈസ്, ജോസ് പടിഞ്ഞാത്ത്, ജോയി എട്ടുപറ, കെ.എം. തോമസ്, മരിയ ഗൊരാത്തി, ജോസ്‌മോന്‍ പുഴക്കരോട്ട്, ടിറ്റോ പയ്യനാടന്‍, ജോമോന്‍ ഇരുപ്പക്കാട്ട്, അഡ്വ. ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.



