തിരുവനന്തപുരം: രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയ്ക്ക് തലസ്ഥാനത്ത് തിരിതെളിഞ്ഞു. 54 രാജ്യങ്ങളിൽ നിന്നുള്ള 335 ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന ആറുദിവസത്തെ മേള മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. റൗൾ പെക്ക് സംവിധാനം ചെയ്ത ‘ഏണസ്റ്റ് കോൾ: ലോസ്റ്റ് ആൻഡ് ഫൗണ്ട്’ ആയിരുന്നു ഉദ്ഘാടന ചിത്രം.
അതിജീവനത്തിനായി പോരാടുന്ന പലസ്തീൻ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാർഢ്യമാണ് മേളയെന്ന് മന്ത്രി പറഞ്ഞു. പലസ്തീൻ ജനതയുടെ പോരാട്ടത്തിന് നൽകുന്ന പിന്തുണയാണ് മേളയിലെ പലസ്തീൻ പ്രത്യേക പാക്കേജ്. സഹിഷ്ണുതയോടെ ഭിന്നാഭിപ്രായം കേൾക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നത് പരമപ്രധാനമായ കാലത്ത് കേരളത്തിന്റെ ജനാധിപത്യ മാതൃകയാണ് മേളയിലെ തുറന്ന സംവാദവേദികളെന്നും അദ്ദേഹം പറഞ്ഞു. ഡോക്യുമെന്ററി രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ബേദി ബ്രദേഴ്സിന് (നരേഷ് ബേദി, രാജേഷ് ബേദി) മന്ത്രി സമ്മാനിച്ചു. കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി ശനിയാഴ്ച മുതൽ 31 വരെയാണ് പ്രദർശനം.