ന്യൂഡല്‍ഹി: എല്ലാ സംസ്ഥാനങ്ങളിലും ബിജെപി ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭരണഘടനയുടെ 75-ാം വാർഷികത്തിന്റെ ഭാഗമായി രാജ്യസഭയിലെ പ്രത്യേക ചർച്ചയിലാണ് ഏകീകൃത സിവില്‍ കോഡ് (UCC), മുസ്ലിം വ്യക്തിനിയമം, മതപരമായ സംവരണം തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
നമ്മുടെ ജനാധിപത്യം വളരെ ആഴത്തില്‍ വേരൂന്നിയതാണെന്നും രാജ്യത്തെ ഒരു ആഗോള സാമ്ബത്തിക ശക്തിയായി ഉയർത്താൻ ഭരണഘടന സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം വ്യക്തിനിയമത്തെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ നിലപാടിനെ അമിത് ഷാ ശക്തമായി വിമർശിച്ചു. കോണ്‍ഗ്രസിന്റെ ഈ നിലപാട് രാജ്യത്ത് പ്രീണന രാഷ്ട്രീയം ആരംഭിക്കുന്നതിന് കാരണമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം ഏർപ്പെടുത്താനുള്ള ഏത് നീക്കത്തെയും ബിജെപി ശക്തമായി എതിർക്കുമെന്ന് അമിത് ഷാ ആവർത്തിച്ചു. ബിജെപിക്ക് ഒരു എംപി മാത്രമായാലും മതത്തിൻ്റെ അടിസ്ഥാനത്തില്‍ സംവരണം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ഭരണഘടന ഒരിക്കലും മാറ്റമില്ലാത്തതായി കണക്കാക്കപ്പെട്ടിട്ടില്ല. കാലത്തിനനുസരിച്ച് രാജ്യവും മാറണം, നിയമങ്ങളും മാറണം, സമൂഹവും മാറണം. മാറ്റമാണ് ഈ ജീവിതത്തിൻ്റെ മന്ത്രം, അത് സത്യമാണ്. ഇത് നമ്മുടെ ഭരണഘടനാ അസംബ്ലി അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ആർട്ടിക്കിള്‍ 368 ല്‍ ഭരണഘടനാ ഭേദഗതിക്ക് വ്യവസ്ഥ ചെയ്തിരിക്കുന്നത്.
ഇപ്പോള്‍ ചില രാഷ്ട്രീയക്കാർ രംഗത്ത് വന്നിട്ടുണ്ട്. അവർ 54-ാം വയസ്സില്‍ യുവാക്കളാണെന്ന് സ്വയം വിശേഷിപ്പിക്കുകയും ഭരണഘടന മാറ്റുമെന്നും ആവർത്തിച്ച് പറയുകയും ചെയ്യുന്നു. ഭരണഘടനയിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യാനുള്ള അധികാരം ആർട്ടിക്കിള്‍ 368 പ്രകാരം ഭരണഘടനയില്‍ തന്നെ വ്യവസ്ഥ ചെയ്തിട്ടുണ്ട് എന്ന് അവരെ അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
ഏകീകൃത സിവില്‍ കോഡ് എന്നത് ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും വിവാഹം, വിവാഹ മോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളില്‍ ഒരേ നിയമം ബാധകമാക്കാനുള്ള ഒരു നിർദ്ദേശമാണ്. നിലവില്‍, വിവിധ മതവിഭാഗങ്ങള്‍ക്കും പ്രാദേശിക കൂട്ടായ്മകള്‍ക്കും അവരവരുടെ ആചാരങ്ങള്‍ക്കും പാരമ്ബര്യങ്ങള്‍ക്കും അനുസരിച്ചുള്ള വ്യക്തി നിയമങ്ങളുണ്ട്. ഈ വിഷയത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കെയാണ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കിയിരിക്കുന്നത്.