ഡല്‍ഹി: രാജ്യത്തേക്കുള്ള അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ലോക്സഭയില്‍ ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍, 2025 പാസാക്കി. മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കര്‍ശന ശിക്ഷയും പിഴയും നിര്‍ദേശിക്കുന്ന ബില്ലാണിത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ബില്‍ പാസാക്കിയത്.
വിനോദ സഞ്ചാരിയായോ വിദ്യാര്‍ഥിയായോ ഇന്ത്യയിലെത്തുന്നവരെ സ്വാഗതം ചെയ്യാന്‍ എല്ലായ്പോഴും ഇന്ത്യ ഒരുക്കമാണെന്നും അതേസമയം രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നവരെ കര്‍ശനമായി നിയന്ത്രിക്കുമെന്നും ബില്ലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ദുരുദ്ദേശ്യത്തോടെ ഇന്ത്യയിലെത്തുന്നവരെ മാത്രമേ നരേന്ദ്ര മോദി സര്‍ക്കാര്‍ തടയുകയുള്ളുവെന്നും ഇന്ത്യ ഒരു സത്രമല്ലെന്നും അമിത് ഷാ പറഞ്ഞു. രാജ്യപുരോഗതിക്ക് സംഭാവന നല്‍കുന്നതിനായി എത്തുന്നവരെ എപ്പോഴും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അനധികൃത കുടിയേറ്റക്കാരെ തടയുന്ന പുതിയ ബില്‍ രാജ്യത്തിന്റെ സുരക്ഷയെ ശക്തിപ്പെടുത്തും. സമ്പദ്വ്യവസ്ഥയെയും വ്യാപാരത്തെയും അഭിവൃദ്ധിപ്പെടുത്തും. ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് ഈ നടപടി ഉത്തേജനം പകരും. ഇന്ത്യയിലെത്തുന്ന ഓരോ വിദേശ പൗരന്റെയും കൃത്യമായ വ്യക്തിവിവരങ്ങള്‍ പുതിയ ബില്‍ നടപ്പാകുന്നതോടെ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.