ന്യൂഡൽഹി: രാജ്യത്തെ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ കടുത്ത രോഷം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ ലേഖനത്തിലാണ് രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമത്തെ കടുത്ത ഭാഷയില്‍ രാഷ്ട്രപതി വിമര്‍ശിച്ചത്. സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നത് അനുവദിക്കാനാവില്ലെന്നും രാജ്യത്തെ സ്ത്രീകളുടെ ഉയർച്ച തടയുന്നത് അനുവദിക്കാനാവില്ലെന്നും രാഷ്ട്രപതി ലേഖനത്തില്‍ വ്യക്തമാക്കി.
സ്ത്രീകള്‍ക്കെതിരെ വൈകൃത ചിന്തയോടെയുള്ള പ്രവണതകള്‍ തടയണം. സ്ത്രീകളെ കഴിവില്ലാത്തവരായും ബുദ്ധിയും ശക്തിയും ഇല്ലാത്തവരായും ചിലർ കാണുന്നുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവസാനിപ്പിക്കണമെന്നും രാഷ്ട്രപതി വ്യക്തമാക്കി. കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിലും രാഷ്ട്രപതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.