തിരുവനന്തപുരം: രാജ്യത്തെ വിദ്യാഭ്യാസ നിലവാരം പരിശോധിക്കുന്ന ദേശീയ പഠനനേട്ട സർവേയിൽ (എൻ.എ.എസ്) കേരളം രണ്ടാമത്. 2024ലെ റിപ്പോർട്ടനുസരിച്ച് 65.33 പോയന്റോടെയാണ് നേട്ടം. ഇതിനുമുമ്പ് സർവേ നടന്ന 2021നെ അപേക്ഷിച്ച് വലിയ മുന്നേറ്റമാണ് കേരളം സ്വന്തമാക്കിയത്. 68 പോയന്റുമായി പഞ്ചാബാണ് ഒന്നാമത്. 2024ൽ മൂന്ന്, ആറ്, ഒമ്പത് ക്ലാസുകളിലെ വിദ്യാർഥികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനായി ഭാഷ, ഗണിതം, പരിസര പഠനം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം വിഷയങ്ങളിലായിരുന്നു സർവേ. ആറാം ക്ലാസിലെ പഠന നിലവാരത്തിൽ കേരളം രാജ്യത്ത് ഒന്നാമത്. ഒമ്പതാം ക്ലാസിൽ രണ്ടാമതും മൂന്നാം ക്ലാസിൽ മൂന്നാമതുമാണ്. 2021ൽ മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളിലാണ് സർവേ നടത്തിയത്. പൊതുവിദ്യാഭ്യാസ രംഗത്തെ മികവുറ്റതാക്കാനുള്ള ശ്രമത്തിന് ലഭിച്ച അംഗീകാരം കൂടിയാണിത്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലക്ക് അർഹതപ്പെട്ട 1,500 കോടിയിലധികം രൂപ കേന്ദ്രം കുടിശ്ശിക വരുത്തിയപ്പോഴും കോടിക്കണക്കിന് രൂപ സാമ്പത്തിക സഹായം ലഭിച്ച സംസ്ഥാനങ്ങളെ പിന്നിലാക്കി കേരളം മുന്നിലെത്തുകയായിരുന്നു. എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു