ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും അംഗത്വം ലഭിക്കുന്ന വിധത്തിലുള്ള പെന്‍ഷന്‍ പദ്ധതിയാണത്രെ വരാന്‍ പോകുന്നത്. തൊഴില്‍ മന്ത്രാലയം ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചുവെന്ന് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ പോകുന്നത്. യൂണിവേഴ്‌സല്‍ പെന്‍ഷന്‍ സ്‌കീം അസംഘടിത തൊഴിലാളികള്‍ക്കും ഉപകാരപ്രദമാകും. നിശ്ചിത തുക ഓരോ മാസവും തൊഴിലാളികളില്‍ നിന്ന് സ്വീകരിച്ച് 60 വയസ് തികയുമ്പോള്‍ മുതല്‍ പ്രതിമാസ പെന്‍ഷന്‍ അനുവദിക്കുന്നതാകും പദ്ധതി.
സ്വയം തൊഴില്‍ ചെയ്യുന്നവര്‍, നിര്‍മാണത്തൊഴിലാളികള്‍ തുടങ്ങി എല്ലാവര്‍ക്കും നിശ്ചിത തുക നല്‍കി ഈ പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാകാനുള്ള അവസരമുണ്ടാകും. ഇപിഎഫ്ഒ ആണ് പദ്ധതി വികസിപ്പിക്കുന്നത്. ചട്ടക്കൂട് തയ്യാറായി കഴിഞ്ഞാല്‍ എല്ലാ വിഭാഗം തൊഴിലാളി പ്രതിനിധികളുമായും ചര്‍ച്ച നടത്തിയ ശേഷമാകും നടപ്പാക്കുക എന്നാണ് വിവരം.
പ്രധാനമന്ത്രി ശ്രം യോഗി മാന്ദന്‍ (പിഎം-എസ്‌വൈഎം), നാഷണല്‍ പെന്‍ഷന്‍ സ്‌കീം ഫോര്‍ ട്രേഡേഴ്‌സ് തുടങ്ങി നിലവിലുള്ള വിവിധ പെന്‍ഷന്‍ പദ്ധതികള്‍ പുതിയ പദ്ധതി വരുന്നതോടെ ഇല്ലാതാകും. എല്ലാ പെന്‍ഷന്‍ പദ്ധതികളും ലയിപ്പിച്ച് ഒന്നാക്കും. സംസ്ഥാന സര്‍ക്കാരിന്റെ സമാന പദ്ധതികളും ഇതിനോടൊപ്പം ചേര്‍ക്കാനുള്ള ശ്രമമുണ്ടാകും. ഒന്നിലധികം പെന്‍ഷന്‍ ലഭിക്കുന്നത് ഒഴിവാക്കാനും ഉയര്‍ന്ന പെന്‍ഷന്‍ തുക നല്‍കാനും വേണ്ടിയാണത്രെ ഇത്.
വിരമിച്ചു കഴിഞ്ഞാല്‍ പ്രതിമാസം 3000 രൂപ വീതം ലഭിക്കുന്ന പെന്‍ഷന്‍ പദ്ധതിയാണ് മുകളില്‍ പറഞ്ഞത്. പ്രതിമാസം 55 രൂപ മുതല്‍ 200 രൂപ വരെ അടച്ചുകൊണ്ടാണ് ഗുണഭോക്താക്കള്‍ ഈ പദ്ധതിയില്‍ അംഗമാകുന്നത്. കൂടാതെ അടല്‍ പെന്‍ഷന്‍ യോജനയും പുതിയ പെന്‍ഷന്‍ പദ്ധതിയില്‍ ലയിപ്പിച്ചേക്കും. നിര്‍മാണ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിന് പ്രത്യേക സെസ് പിരിക്കാനുള്ള സാധ്യതയും തള്ളാനാകില്ല
18 വയസ് മുതല്‍ അംഗത്വമെടുക്കാന്‍ സാധിക്കുംവിധമാകും പുതിയ പെന്‍ഷന്‍ പദ്ധതി. നിശ്ചിത കാലം പ്രതിമാസ തുക അടച്ച് പദ്ധതിയില്‍ തുടരാന്‍ സാധിക്കും. 60 വയസ് കഴിഞ്ഞാല്‍ പെന്‍ഷന്‍ അനുവദിച്ചു തുടങ്ങും. മിക്ക വികസിത രാജ്യങ്ങളിലും സമാനമായ രീതിയില്‍ പെന്‍ഷന്‍ പദ്ധതി നിലവിലുണ്ട്. അമേരിക്ക, കാനഡ, റഷ്യ, ചൈന, യൂറോപ്പ് എന്നിവിടങ്ങളിലെല്ലാം പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കിയിട്ടുള്ളത്.
നിലവില്‍ വിവിധ ക്ഷേമ പെന്‍ഷനുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്നുണ്ട്. കേരളത്തില്‍ പ്രതിമാസം 1600 രൂപയാണ് ക്ഷേമ പെന്‍ഷന്‍. ഇവയെല്ലാം പുതിയ പെന്‍ഷന്‍ പദ്ധതിയുമായി ലയിപ്പിച്ചേക്കും. ഇതോടെ എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ സാധിക്കുന്ന സാഹചര്യം വരുമെന്നാണ് പ്രതീക്ഷ. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ പദ്ധതി നടപ്പാക്കൂ.