ദില്ലി: നൂതന ചിപ്പ് സാങ്കേതികവിദ്യയിൽ രാജ്യത്തിന്‍റെ സ്വാശ്രയത്വത്തിനുള്ള ചരിത്ര നിമിഷം ഉടൻ പിറക്കും. ആദ്യ ‘മെയ്‌ഡ്-ഇൻ-ഇന്ത്യ’ സെമികണ്ടക്ടർ ചിപ്പ് 2025 സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബറിൽ പുറത്തിറക്കുമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്‍ണവ് അറിയിച്ചു. ബെംഗളൂരുവിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അദേഹം ഈ പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്‍റെ സെമികണ്ടക്ടർ വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള കേന്ദ്ര സർക്കാരിന്‍റെ പ്രതിബദ്ധത വൈഷ്ണവ് എടുത്തുപറഞ്ഞു. “ടെലികോമിലും വൈദ്യുതി മേഖലയിലും ഉപയോഗിക്കുന്ന സെമികണ്ടക്ടറുകളിലെ ഒരു സാങ്കേതികവിദ്യയായ ഗാലിയം നൈട്രൈഡിൽ പുതിയ ഗവേഷണത്തിനും വികസനത്തിനും (ആർ & ഡി) ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് (ഐഐഎസ്‌സി) സർക്കാർ 334 കോടി രൂപ അനുവദിച്ചു”, ഘടകങ്ങൾക്കായുള്ള പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്‍റീവ് (പിഎൽഐ) പദ്ധതി സർക്കാർ ഉടൻ പുറത്തിറക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
പവർചിപ്പ് സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കോർപ്പറേഷനുമായി (പിഎസ്എംസി) പങ്കാളിത്തത്തോടെ ടാറ്റ ഇലക്ട്രോണിക്സ് ഗുജറാത്തിലെ ധോലേരയിൽ ഇന്ത്യയിലെ ആദ്യത്തെ സെമികണ്ടക്ടർ ഫാബ് നിർമ്മിക്കുകയാണ്. 2021 ഡിസംബറിൽ രാജ്യത്ത് സെമികണ്ടക്ടർ, ഡിസ്പ്ലേ നിർമ്മാണത്തിന് 76,000 കോടി രൂപ ചിലവ് വരുന്ന സെമികോൺ ഇന്ത്യ പരിപാടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകാരം നൽകി. സെമികണ്ടക്ടറുകൾ, ഡിസ്പ്ലേ നിർമ്മാണം, ഡിസൈനിംഗ് സൗകര്യം എന്നിവയിൽ നിക്ഷേപം നടത്തുന്ന കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.