വയനാട്: നൂറുകണക്കിന് ആളുകളുടെ സ്വപ്‌നമാണ് തകര്‍ന്നത്.ദുരന്തബാധിതരോടൊപ്പം നില്‍ക്കുക എന്നതാണ് ഇപ്പോള്‍ പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വയനാട് സന്ദര്‍ശനത്തിന് ശേഷം നടന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം ദുരന്തബാധിതര്‍ക്കൊപ്പമാണ്.പുനരധിവാസം നാടിന്റെ ഉത്തരവാദിത്വമാണ്.പണം ഒരു തടസ്സമാകില്ല.കേന്ദ്രത്തിന് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവും ചെയ്യുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ദുരന്തത്തില്‍പ്പെട്ടവരുടെ ഭാവി സംരക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. സര്‍ക്കാരുകള്‍ ഒരുമിച്ച് നില്‍ക്കണം. കുട്ടികളുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതികള്‍ വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദുരന്തഭൂമി സന്ദര്‍ശിച്ച അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിതബാധിതരായ ഒന്‍പതുപേരെ പ്രധാനമന്ത്രി നേരില്‍ കണ്ടാശ്വസിപ്പിച്ചു. വിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരേയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.



