Monday, March 2, 2026
No menu items!
Homeവാർത്തകൾരണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴ; സഹാറ മരുഭൂമിയില്‍ വെള്ളപ്പൊക്കം

രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴ; സഹാറ മരുഭൂമിയില്‍ വെള്ളപ്പൊക്കം

മൊറോക്കോ: മരുഭൂമിയില്‍ വെള്ളപ്പൊക്കമെന്ന അപൂർവ്വ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് സഹാറ മരുഭൂമി. തെക്കുകിഴക്കൻ മൊറോക്കോയില്‍ കഴിഞ്ഞ രണ്ടുദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്നാണ് സഹാറ മരുഭൂമിയില്‍ വെള്ളം ഉയർന്നതെന്നാണ് വിലയിരുത്തലുകള്‍.

പ്രതിവർഷ ശരാശരിയെക്കാള്‍ ഉയർന്ന മഴയാണ് ഈ മേഖലയില്‍ ഉണ്ടായതെന്നാണ് റിപ്പോർട്ട്. മൊറോക്കോയുടെ തലസ്ഥാനമായ റബാറ്റില്‍ നിന്ന് 450 കിലോമീറ്റർ മാറിയുള്ള ടാഗൗണൈറ്റ് എന്ന പ്രദേശത്ത് 24 മണിക്കൂറിനുള്ളില്‍ 100 മില്ലീ മീറ്ററിലധികം മഴിയാണ് സെപ്റ്റംബറിലുണ്ടായതെന്നാണ് കാലാവസ്ഥ വിഭാഗം അറിയിച്ചത്.

അരനൂറ്റാണ്ടിന് മുകളിലായി വരണ്ടുണങ്ങി കിടന്നിരുന്ന ഇറിക്വി എന്ന തടാകം ഇത്തവണത്തെ മഴയില്‍ വെള്ളം നിറഞ്ഞതായി നാസ പകർത്തിയ ഉപഗ്രഹ ചിത്രങ്ങള്‍ തെളിയിക്കുന്നു. ഏകദേഷം 30 മുതല്‍ 50 വർഷത്തിനിടയിലാണ് ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഈ പ്രദേശങ്ങളില്‍ ഇത്രയും വലിയ അളവില്‍ മഴ ലഭിച്ചതെന്നാണ് മൊറോക്കോയിലെ കാലാവസ്ഥ ഏജൻസിയിലെ ഉദ്യോഗസ്ഥനായ ഹുസൈൻ യൂബെബ് അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു.

എക്സ്ട്രാ ട്രോപ്പിക്കല്‍ കൊടുങ്കാറ്റ് എന്നാണ് മരുഭൂമിയിലുണ്ടായ ഈ പ്രതിഭാസത്തെ വിദഗ്ധർ വിശേഷിപ്പിക്കുന്നത്. ഈ മേഖലയിലെ കാലാവസ്ഥയില്‍ ഇത് പ്രതിഫലിക്കുമെന്നും ഇവർ വിലയിരുത്തുന്നു. വായു കൂടുതല്‍ ഈർപ്പമുള്ളതായി അനുഭവപ്പെടുമെന്നും അത് ഉയർന്ന ബാഷ്പീകരണത്തിനും കൊടുങ്കാറ്റിനും കാരണമാകുമെന്നുമാണ് റിപ്പോർട്ടുകള്‍. കനത്ത മഴ മൊറോക്കോയില്‍ വലിയ നാശനഷ്ടങ്ങളാണ് മുൻ മാസങ്ങളില്‍ ഉണ്ടാക്കിയതെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.

വെള്ളപ്പൊക്കത്തില്‍ 18 പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വർഷമുണ്ടായ ഭൂകമ്ബത്തില്‍ നിന്ന് കരകയറുന്നതിനിടെയാണ് വീണ്ടുമൊരു പ്രകൃതിദുരന്തം ഈ മേഖലയില്‍ ആഘാതം സൃഷ്ടിച്ചിരിക്കുന്നത്. സെപ്റ്റംബർ മാസമുണ്ടായ കനത്ത മഴയെ തുടർന്ന് തെക്കുകിഴക്കൻ മേഖലയിലെ അണക്കെട്ടുകളും മറ്റ് സംഭരണികളും ക്രമാതീതമായി നിറഞ്ഞിട്ടുണ്ടെന്നുമാണ് സൂചനകള്‍.

വടക്കൻ-മധ്യ-പടിഞ്ഞാറൻ ആഫ്രിക്കയിലായി ഒമ്ബത് ദശലക്ഷം ചതുരശ്ര കിലോമീറ്റർ വ്യാപിച്ച്‌ കിടക്കുന്നതാണ് സഹാറ മരുഭൂമി പ്രദേശം. ആഗോളതാപനത്തിന്റെ പരിണിതഫലമായി വലിയ കാലാവസ്ഥ വ്യതിയാന ഭീഷണിയിലാണ് ഈ മേഖല. തീവ്രതയേറിയ കൊടുങ്കാട്ടുകള്‍ ഈ മേഖലയില്‍ അടിക്കടി ഉണ്ടായേക്കുമെന്നതാണ് പ്രധാനമായി നല്‍കുന്ന മുന്നറിയിപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments