വാഷിംഗ്‌ടൺ: യു എസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിത്വം കമല ഹാരിസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ ഇത്തവണ രംഗത്തിറങ്ങുന്നത് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസാണ്. തൻ്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ആദ്യ വനിതയെന്ന ചരിത്ര കൂടിയാണ് കമല ഇതോടെ കുറിക്കുന്നത്.
എക്‌സിലെ ഒരു പോസ്റ്റിലൂടെയാണ് കമല ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. “ഇന്ന്, യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള എൻ്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ഫോമില്‍ ഞാൻ ഒപ്പുവച്ചു.” “ഓരോ വോട്ടും നേടാൻ ഞാൻ കഠിനാധ്വാനം ചെയ്യും. നവംബറില്‍ ഞങ്ങളുടെ ജനകീയ പ്രചാരണം വിജയിക്കും, “എന്നാണ് കമല പോസ്റ്റില്‍ കുറിച്ചത്.
ആഴ്ചകളോളം നീണ്ട ഊഹാപോഹങ്ങള്‍ക്കും സമ്മർദ്ദങ്ങള്‍ക്കും ശേഷമാണ് ഇപ്പോഴുണ്ടായ ഈ പ്രഖ്യാപനം. തൻ്റെ സമീപകാല പ്രകടനത്തിന് വിമർശനങ്ങള്‍ നേരിടുന്ന ബൈഡൻ, മത്സരത്തില്‍ നിന്ന് പിന്മാറിയിരുന്നു. തന്റെ പിൻഗാമിയായ കമലയ്ക്കൊപ്പം സജീവമായി പ്രചാരണം നടത്തുമെന്ന് ബൈഡൻ ഉറപ്പിച്ചു പറഞ്ഞു. മുൻ പ്രസിഡൻ്റ് ബരാക് ഒബാമയും ഭാര്യ മിഷേലും കമലയ്ക്ക് പിന്തുണയുമായി രംഗത്തെത്തി.