ഏഷ്യൻ വിപണികളിൽ റബറിന് തിരിച്ചടി നേരിട്ടു. അമേരിക്ക ഏർപ്പെടുത്തിയ ഉയർന്ന തീരുവ കയറ്റുമതികൾക്ക് തിരിച്ചടിയായി മാറുമെന്ന ഭീതിയിലാണ് ചൈനീസ് ഓട്ടോമൊബൈൽ മേഖല. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ റബർ ഇറക്കുമതിയും ടയർ കയറ്റുമതിയും നടത്തുന്നത് ബീജിങിലെ വ്യവസായികളാണ്. യു.എസ് പ്രതിസന്ധി മുന്നിൽ കണ്ട് അവർ തായ്‌ലാൻഡിൽ നിന്നുള്ള റബർ സംഭരണത്തിൽ പെടുന്നനെ വരുത്തിയ കുറവ് ഇതര ഉൽപാദന രാജ്യങ്ങളിലും ഷീറ്റ് വില കുറയാൻ ഇടയാക്കി. തായ് മാർക്കറ്റിൽ റബർ വില ക്വിന്റലിന് 20,674 രൂപയിൽനിന്നും 19,476ലേക്ക് വാരാന്ത്യത്തിൽ ഇടിഞ്ഞു. സംസ്ഥാനത്തെ വിപണികളിൽ ആർ.എസ്.എസ് നാലാം ഗ്രേഡ് റബർ വില 20,600 രൂപയിൽനിന്നും 20,100ലേക്ക് താഴ്‌ന്നു. ഗ്രാമീണ മേഖലകളിലെ ചെറുകിട വിപണികളിൽ നാലാം ഗ്രേഡ് കിലോ 198.50 രൂപയിൽ വ്യാപാരം നടന്നു. ഓഫ് സീസണായതിനാൽ ടാപ്പിങ് രംഗം സ്‌തംഭിച്ചതിനാൽ നിരക്ക് ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു ഉൽപാദകർ.