പാരീസ്: യുക്രെയിന്റെ 22 വയസുകാരിയായ യാരോസ്ലാവ് മാഹുചിഖാണു പാരിസ് ഡയമണ്ട് ലീഗ് അത്ലറ്റിക് മീറ്റിൽ പുതിയ റെക്കോഡിട്ടത്. ഈ മാസം തുടങ്ങുന്ന ഒളിമ്പിക്സിൽ റെക്കോഡുകൾ പലതും തിരുത്തിക്കുറിക്കുമെന്ന സൂചനയുമായി പാരീസ് ഡയമണ്ട് ലീഗ്. വനിതാ ഹൈജമ്പിലെ 37 വർഷം പഴക്കമുള്ള ലോക റെക്കോഡാണ് ഇന്നലെ തകർന്നത്. ബൾഗേറിയയുടെ സ്റ്റെഫ്ക കോാഡിനോ 1987ൽ റോമിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ കുറിച്ച 2.09 മീറ്റർ യാരോസ്ലാവ് 2.13 മീറ്ററാക്കി. ടോക്കിയോ ഒളിമ്പിക്സിലെ ഹൈജമ്പിൽ വെങ്കല മെഡൽ നേടിയ താരമാണ്.
പാരീസ് ഒളിമ്പിക്സ് ഹൈജമ്പിൽ സ്വർണം നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്ന താരവും യാരോസ്ലാവയാണ്. കഴിഞ്ഞ വർഷത്തെ ലോക ചാമ്പ്യനുമാണ്. യുക്രെയിനിലെ ഡിനിപ്രോയിൽ 2001ലാണു യാരോസ്സാവയു ടെ ജനനം. ഹൈജമ്പ് ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരിയായ യാരോസ്ലാവ് 2019ലെ ദോഹ ലോക ചാമ്പ്യൻഷിപ്പിലും 2022ലെ യു ജിൻ ചാമ്പ്യൻഷിപ്പിലും വെള്ളി നേടി. ബുഡാപെസ്റ്റിലാണു വെള്ളി സ്വർണമാക്കിയത്. ഡയമണ്ട് ലീഗിലെ വനിതകളുടെ 1500 മീറ്റർ ഓട്ടത്തിൽ കെനിയയുടെ ഫെയ്ത് കിഗോൺ തന്റെ തന്നെ ലോക റെക്കോഡ് തിരുത്തി. മൂന്ന് മിനിറ്റ് 49.04 സെക്കൻഡിലാണു കിഗോൺ പുതിയ റെക്കോഡിട്ടത്. 2023 ജൂണിൽ കുറിച്ച ലോക റെക്കോഡിനെക്കാൾ 0.07 സെക്കൻഡ് കുറഞ്ഞ സമയത്തിൽ ഫിനിഷ് ചെയ്യാൻ താരത്തിനായി.



