വാഷിങ്ടണ്‍: യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അടുത്ത 10 ദിവസത്തിനകം നടപടി സ്വീകരിച്ചില്ലെങ്കില്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് റഷ്യയ്ക്ക് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. യുദ്ധം നീട്ടിക്കൊണ്ടു പോകുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ നിലപാടില്‍ ട്രംപ് അമര്‍ഷം രേഖപ്പെടുത്തി. യുദ്ധം അവസാനിപ്പിക്കാന്‍ നേരത്തെ ട്രംപ് 50 ദിവസത്തെ സമയപരിധിയാണ് റഷ്യയ്ക്ക് നല്‍കിയിരുന്നത്.
എന്നാല്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ പുരോഗതിയില്ലാത്തതിനാലാണ് ട്രംപ് നിലപാട് കടുപ്പിച്ചത്. ഒരുപാട് കാത്തിരിക്കുന്നതില്‍ ഇനി അര്‍ത്ഥമില്ല. മൂന്നു വര്‍ഷത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഇന്നു മുതല്‍ പത്തു ദിവസത്തിനകം നടപടി സ്വീകരിച്ചില്ലെങ്കില്‍, റഷ്യയ്ക്ക് മേല്‍ തീരുവ ചുമത്താനും മറ്റ് നടപടികള്‍ സ്വീകരിക്കാനും അമേരിക്ക ആരംഭിക്കുമെന്ന് ട്രംപ് പറഞ്ഞു.
റഷ്യയെ എങ്ങനെ ഇതു ബാധിക്കുമെന്ന് തനിക്കറിയില്ല. എന്നാല്‍ പുടിന്‍ യുദ്ധം തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് കരുതുന്നു. റഷ്യക്കുമേലുള്ള ഉപരോധങ്ങള്‍ എണ്ണ വിപണിയിലോ വിലയിലോ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്ന് ട്രംപ് പറഞ്ഞു. ഏതെങ്കിലും തരത്തില്‍ ആഘാതമുണ്ടായാല്‍ നികത്താന്‍ ആഭ്യന്തര എണ്ണ ഉല്‍പാദനം വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം ട്രംപിന്റെ മുന്നറിയിപ്പിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ അന്ത്യശാസനം നൽകുന്ന ‘പതിവ് പരിപാടി’യുമായി ട്രംപ് വരേണ്ടെന്നും അമേരിക്ക ഉൾപ്പെടുന്ന ഒരു യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും പുടിന്‍റെ അടുത്ത സുഹൃത്തും മുൻ റഷ്യൻ പ്രസിഡന്‍റുമായ ദിമിത്രി മെദ്‌വദേവ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു