യുക്രൈനിലെ യുദ്ധം അവസാനിക്കണമെന്നും ശാശ്വത സമാധാനം ഉണ്ടാകണമെന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അംഗീകരിച്ചതായി വൈറ്റ് ഹൈസ്. യുക്രൈനിൽ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ട്രംപ് പുടിനുമായി ഫോണിൽ സംസാരിച്ചിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട സംഭാഷണത്തിലാണ് ഇരുനേതാക്കാളും ഇക്കാര്യം അംഗീകരിച്ചത്. യുഎസും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാനും ഫോൺ വഴി നടത്തിയ ചർച്ചയിൽ തീരുമാനമായി. ‘ഈ യുദ്ധത്തിനായി റഷ്യയും യുക്രൈനും ചെലവഴിച്ച രക്തവും സമ്പത്തും സ്വന്തം നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ചെലവഴിക്കുന്നതാണ് ഉത്തമം. യഥാർത്ഥത്തിൽ ഈ യുദ്ധം ഉണ്ടാകരുതായിരുന്നു. മാത്രമല്ല ആത്മാർത്ഥമായ സമാധന ശ്രമങ്ങളിലൂടെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ടാകണമായിരുന്നു’, വൈറ്റ് ഹൗസ് പ്രസ്താവനയിൽ പരഞ്ഞു.
ഊർജ്ജ, അടിസ്ഥാന സൗകര്യ മേഖലകളിൽ (പവർ പ്ലാന്റുകൾ, ഓയിൽ പൈപ്പ് ലൈൻ , റോഡ്, പാലങ്ങൾ) വെടിനിർത്തൽ നടപ്പാക്കി സമാധാന ശ്രമങ്ങൾ ആരംഭിക്കാമെന്ന് ട്രംപും പുടിനും ചർച്ചയിൽ സമ്മതിച്ചു.പൂർണ്ണവും ശാശ്വതവുമായ സമാധാനം ലക്ഷ്യമിട്ട് കരിങ്കടലിൽ നടക്കുന്ന സൈനിക അഭ്യാസവും നിർത്തലാക്കും.മിഡിൽ ഈസ്റ്റിൽ ഇത് സംബന്ധിച്ചുള്ളചർച്ചകൾ ഉടൻ ആരംഭിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
മിഡിൽ ഈസ്റ്റ് എന്നത് ഭാവിയിലെ സംഘർഷങ്ങൾ തടയുന്നതിനുള്ള സഹകരണത്തിനുള്ള മേഖലയാണെന്ന് നേതാക്കൾ പറഞ്ഞു. കൂടാതെ ഇറാന് ഒരിക്കലും ഇസ്രായേലിനെ ആക്രമിക്കുന്ന തരത്തിലേക്ക് വളരരുതെന്നും ആയുധങ്ങളുടെ വ്യാപനം തടയുന്നതിന് നടപടികൾ ഉണ്ടാകണമെന്നും ഇരുനേതാക്കളും സംസാരിച്ചു.
അതേസമയം ചർച്ചയിൽ ചില ഉപാധികളും റഷ്യ മുന്നോട്ട് വെച്ചു. യുക്രൈനിനുള്ള വിദേശ സൈനിക സഹായം പൂർണമായും നിർത്തലാക്കണമെന്നും കൈവിലേക്ക് രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറരുതെന്നുമായിരുന്നു പുടിന്റെ ഉപാധി. അതിനിടെ 30 ദിവസത്തേക്ക് ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളിൽ നിന്ന് ഇരുരാജ്യങ്ങളും വിട്ടുനിൽക്കണമെന്ന ട്രപിന്റെ നിർദേശം പുടിൻ അംഗീകരിച്ചു. ഇത് സംബന്ധിച്ച് അദ്ദേഹം സൈന്യത്തിന് നിർദേശം നൽകുകയും ചെയ്തു. ബുധനാഴ്ച ഇരുരാജ്യങ്ങളും 175 തടവുകാരെ വീതം കൈമാറ്റം ചെയ്യുമെന്ന പ്രഖ്യാപനവും നേതാക്കൾ നടത്തി. റഷ്യൻ മെഡിക്കൽ സ്ഥാപനങ്ങളിൽ ചികിത്സയിൽ കഴിയുന്ന ഗുരുതരമായി പരിക്കേറ്റ 23 യുക്രേനിയൻ സൈനികര കൈമാറാനും തീരുമാനമായി .



