മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പുറത്ത്, ‘തുടരും’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. തൊണ്ണൂറ്റി ഒന്‍പത് ദിവസം ഷൂട്ടിംഗ് നീണ്ടുനിന്ന ചിത്രത്തില്‍ ടാക്സി ഡ്രൈവറായാണ് മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് ‘തുടരും’ വില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് നിര്‍മ്മാണം.
ഷണ്‍മുഖം എന്നാണ് മോഹന്‍ലാലിന്‍റെ കഥാപാത്ര പേര്. മോഹന്‍ലാല്‍ തന്നെയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. സ്‌കൂള്‍ വിട്ട് വരുന്ന കുട്ടിക്കൂട്ടത്തിനൊപ്പം കളിക്കുന്ന മോഹന്‍ലാലാണ് പോസ്റ്ററില്‍. ഷര്‍ട്ടും മുണ്ടും ധരിച്ച് നാടന്‍ ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. കറുത്ത അമ്പാസിഡര്‍ കാറും പോസ്റ്ററിലുണ്ട്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. മോഹൻലാല്‍ ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെ എല്‍ 360ല്‍ അവതരിപ്പിക്കുന്നുവെന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. തരുണ്‍ മൂര്‍ത്തിയുടെ എല്‍ 360 സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.