ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൂട്ടായി ലോക് കല്ല്യാണ്‍ മാർഗ് വസതിയില്‍ പുതിയ അതിഥിയെത്തി. ദീപ്‌ജ്യോതി എന്ന് പേരിട്ടിരിക്കുന്ന ഒരു പശുക്കിടാവ് ആണ് പുതിയ അതിഥി. മോദി പശുക്കിടാവിന് പ്രത്യേക പൂജ അര്‍പ്പിക്കുകയും ചെയ്തു.
പുതിയ കൂട്ടിനെക്കുറിച്ച് മോദി തന്നെയാണ് സമൂഹമാദ്ധ്യമ പോസ്റ്റിലൂടെ അറിയിച്ചത്.’7, ലോക് കല്യാണ്‍ മാർഗിലെ പുതിയ അംഗം, ദീപ്ജ്യോതി ശരിക്കും ആരാധ്യയാണ്’ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ച് പ്രധാനമന്ത്രി കുറിച്ചത്. പശുക്കിടാവുമൊത്ത് സമയം ചെലവഴിക്കുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചു.
‘ഗാവ്ഃ സർവസുഖ് പ്രദാഃ എന്നാണ് നമ്മുടെ ഗ്രന്ഥങ്ങളില്‍ പറയുന്നത്. ലോക് കല്യാണ്‍ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ പുതിയ അംഗം എത്തിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍ അമ്മപ്പശു ഒരു പുതിയ പശുക്കിടാവിനെ പ്രസവിച്ചു. അതിന്റെ നെറ്റിയില്‍ പ്രകാശത്തിന്റെ അടയാളമുണ്ട്. അതിനാല്‍ ഞാൻ അതിന് ‘ദീപ്ജ്യോതി’ എന്ന് പേരിട്ടു’ എന്നാണ് വീഡിയോ പങ്കുവച്ച് അദ്ദേഹം കുറിച്ചത്. പശുക്കിടാവിനെ പ്രധാനമന്ത്രി കയ്യിലേന്തി നടക്കുന്നതിന്റെയും ചുംബിക്കുന്നതിന്റെയുമൊക്കെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്.



