കെ എസ് ആർ ടി സി മൂന്നാറിൽ ആരംഭിച്ച ഡബിൾ ഡക്കർ എ സി ബസ് വന്‍ വിജയമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. ഒരുമാസം പിന്നിട്ടപ്പോൾ 1313400 രൂപയുടെ നേട്ടമാണ് ഈ സർവ്വീസുകൊണ്ടുണ്ടായത്. കെ എസ് ആർ ടി സി ജീവനക്കാർ തന്നെ രൂപകൽപ്പന ചെയ്തു നിർമ്മിച്ച ബസാണ് എന്നതാണ് ഈ സർവ്വീസിന്റെ മറ്റൊരു പ്രത്യേകത. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ബസുകൾ ഇറക്കാനാണ് കെ എസ് ആർ ടി സി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ഗോശ്രീ ബസ്സുകളുടെ നഗര പ്രവേശനം ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വൈപ്പിൻകരയുടെ നിരവധി കാലത്തെ പോരാട്ടത്തിലൂടെ ഗോശ്രീ ബസുകളുടെ നഗരപ്രവേശനത്തിന് തുടക്കമായിരിക്കുകയാണ്. നിലവിൽ അനുവദിച്ചിരിക്കുന്ന ബസ്സുകൾ ഉപയോഗപ്പെടുത്തി വിജയിപ്പിച്ചാൽ കൂടുതൽ ബസ്സുകൾ വൈപ്പിനിലേക്ക് വിട്ടു നൽകുമെന്നും മന്ത്രി പറഞ്ഞു.
പത്ത് കെ എസ് ആർ ടി സി ബസുകൾക്കും നാല് പ്രൈവറ്റ് ബസുകളുമാണ് നഗരത്തിലേക്ക് പ്രവേശിക്കുന്നത്. എറണാകുളം നഗരത്തിന്റെ വിവിധ മേഖലകളിലേക്ക് വൈപ്പിനിൽ നിന്ന് ഗതാഗത സൗകര്യം ഒരുങ്ങുകയാണ് ഇതിലൂടെ. ആദ്യ ഘട്ടമായി കളമശ്ശേരി മെഡിക്കൽ കോളേജ്, വൈറ്റില, കാക്കനാട്, ഫോർട്ട് കൊച്ചി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലേക്കാണ് ബസുകൾ. ഈ ബസ്സുകൾ ഉപയോഗിച്ച് വിജയിപ്പിക്കേണ്ടത് ഇവിടുത്തെ ജനങ്ങളുടെ ഉത്തരവാദിത്തമാണ്. ഭാവിയിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് ബസ്സുകൾ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
കെ എസ് ആർ ടി സിയിൽ ആധുനിക രീതിയിലുള്ള കുറ്റമറ്റ സംവിധാനം കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. നഷ്ടം കുറച്ചു കൊണ്ടുവരാൻ സാധിച്ചു. ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം കൊടുക്കാൻ കഴിയുന്ന സാഹചര്യം ഉടൻതന്നെ സാധ്യമാകും. ആധുനിക രീതിയിലുള്ള പുതിയ ബസുകൾ കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഗ്രാമീണ റോഡുകളിൽ പോലും ആധുനിക രീതിയിലുള്ള ബസുകൾ കൊണ്ടുവരും.
ഗതാഗത സൗകര്യമില്ലാത്ത ഉൾനാടൻ മേഖലകളിൽ പൊതുഗതാഗതം ശക്തിപ്പെടുത്തും. നിലവിൽ ബസ് റൂട്ടുകൾ ഒന്നുമില്ലാത്ത ഇത്തരം മേഖലകൾ എം എൽ എ മാർ വഴിയും ഗ്രാമസഭകൾ വഴിയും ജനകീയമായ ചർച്ചകളിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഈ റൂട്ടുകളിൽ ലൈസൻസ് നൽകും. പെർമിറ്റ് നൽകുന്നത് ഒഴിവാക്കി ഒരു റൂട്ടിൽ മിനിമം രണ്ട് ബസ് എന്ന രീതിയിലായിരിക്കും ലൈസൻസ് നൽകുക. 503 പുതിയ റൂട്ടുകൾക്ക് ഉടൻതന്നെ അനുമതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു