ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയിലും പരിസരപ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞിനെ തുടർന്ന് നിരവധി വിമാനങ്ങൾ വൈകുകയും ഏഴ് വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. മൂടൽമഞ്ഞിനെ തുടർന്ന് തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും ദൃശ്യപരത പൂജ്യത്തിലേക്ക് താഴ്ന്നു. ഇതുവരെ ഏഴ് വിമാനങ്ങളെങ്കിലും റദ്ദാക്കുകയും 184 വിമാനങ്ങൾ വൈകുകയും ചെയ്തു. ദില്ലിയിലേക്കുള്ള 26 ട്രെയിനുകളും വൈകി ഓടുന്നതിനാൽ ആറ് ട്രെയിനുകളുടെ സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. രാവിലെ കനത്ത മൂടൽമഞ്ഞും പിന്നീട് പകൽ മേഘാവൃതമായ ആകാശവും വൈകുന്നേരമോ രാത്രിയോ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) പ്രവചിച്ചിരുന്നു. അതേസമയം, വായുഗുണനിലവാരം മോശം അവസ്ഥയിൽ തുടരുന്നു.