Saturday, August 2, 2025
No menu items!
Homeവാർത്തകൾമുലപ്പാല്‍ ബാങ്കുകള്‍ വന്‍ വിജയം

മുലപ്പാല്‍ ബാങ്കുകള്‍ വന്‍ വിജയം

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ആശുപത്രികളില്‍ സ്ഥാപിച്ച മുലപ്പാല്‍ ബാങ്കുകള്‍ വന്‍ വിജയമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, തൃശൂര്‍ മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് ഈ സര്‍ക്കാരിന്റെ കാലത്ത് മുലപ്പാല്‍ ബാങ്ക് സ്ഥാപിച്ചത്. തിരുവനന്തപുരം എസ് എ.ടി. ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജിലും മുലപ്പാല്‍ ബാങ്കുകള്‍ സജ്ജമായി വരുന്നു.

3 മുലപ്പാല്‍ ബാങ്കുകളില്‍ നിന്നായി ഇതുവരെ 17,307 കുഞ്ഞുങ്ങള്‍ക്കാണ് മുലപ്പാല്‍ നല്‍കിയത്. 4673 അമ്മമാരാണ് മുലപ്പാല്‍ ദാനം ചെയ്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 11,441 കുഞ്ഞുങ്ങള്‍ക്കും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 4870 കുഞ്ഞുങ്ങള്‍ക്കും എറണാകുളം ജനറല്‍ ആശുപത്രിയില്‍ 996 കുഞ്ഞുങ്ങള്‍ക്കുമാണ് മുലപ്പാല്‍ നല്‍കിയത്. ഈ പദ്ധതി വിജയകരമായതിനെ തുടര്‍ന്ന് കൂടുതല്‍ ആശുപത്രികളില്‍ മുലപ്പാല്‍ ബാങ്ക് സജ്ജമാക്കും. കൂടുതല്‍ ആശുപത്രികളില്‍ മില്‍ക്ക് ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ വളരെയധികം കുഞ്ഞുങ്ങള്‍ക്ക് പ്രയോജനകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആഗസ്റ്റ് 1 മുതല്‍ ആഗസ്റ്റ് 7 വരെ മുലയൂട്ടല്‍ വാരാചരണം നടക്കുകയാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മുലപ്പാല്‍. ആദ്യ ഒരു മണിക്കൂറില്‍ നവജാതശിശുവിന് മുലപ്പാല്‍ നല്‍കേണ്ടതും ആദ്യ ആറ് മാസം മുലപ്പാല്‍ മാത്രം നല്‍കേണ്ടതും ഏറെ അത്യാവശ്യമാണ്. എന്നാല്‍ അമ്മമാരുടെ പകര്‍ച്ചവ്യാധികള്‍, ജന്മനാ തൂക്കം കുറഞ്ഞ കുഞ്ഞുങ്ങള്‍, വെന്റിലേറ്ററിലുള്ള അമ്മമാര്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടാന്‍ സാധിക്കാറില്ല. അത്തരത്തിലുള്ള കുട്ടികള്‍ക്ക് കൂടി മുലപ്പാല്‍ ഉറപ്പാക്കാനാണ് മില്‍ക്ക് ബാങ്ക് സജ്ജമാക്കിയത്
സേവന സന്നദ്ധരായ മുലയൂട്ടുന്ന അമ്മമാരില്‍ നിന്നും മുലപ്പാല്‍ ശേഖരിച്ച് വിവിധ പ്രക്രിയകളിലൂടെയും സ്‌ക്രീനിങ്ങുകളിലൂടെയും സംഭരിച്ച് ആവശ്യമായ ശിശുക്കള്‍ക്ക് ആരോഗ്യകരവും ശുദ്ധവുമായ മുലപ്പാല്‍ വിതരണം ചെയ്യുന്നു. ആശുപത്രിയിലെത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാരുമാരും ജീവനക്കാരുമാണ് പ്രധാന ദാതാക്കള്‍. സ്വന്തം കുഞ്ഞിന് അസുഖം കാരണം മുലപ്പാല്‍ കുടിക്കാന്‍ പറ്റാത്ത സാഹചര്യമുള്ള അമ്മമാര്‍ക്കും മുലപ്പാല്‍ ദാനം ചെയ്യാം. ബാക്റ്റീരിയകളുടെ സാന്നിദ്ധ്യം ഇല്ല എന്നുറപ്പാക്കിയാണ് പാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്. ഫ്രീസറിനുളളില്‍ ഇത് മാസങ്ങളോളം സൂക്ഷിക്കാനുമാകും.

മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പും വനിതാ ശിശുവികസന വകുപ്പും പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. പൊതുയിടങ്ങളിലും ആശുപത്രികളിലും മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചു. അമ്മയ്ക്കും കുഞ്ഞിനും ഗുണനിലവാരമുള്ളതും സൗഹൃദവുമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനും മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി ആരംഭിച്ചു. 45 ആശുപത്രികളില്‍ മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പ്രകാരമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അമ്മമാര്‍ മുലയൂട്ടല്‍ അവരുടെ കടമയായി ഏറ്റെടുക്കുകയും കുടുംബാംഗങ്ങള്‍ അവര്‍ക്ക് ആവശ്യമായ പിന്തുണയും സഹായവും ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്. കുഞ്ഞുങ്ങള്‍ക്ക് വേണ്ടി നല്‍കാന്‍ കഴിയുന്ന അമൂല്യമായ ഒന്നാണ് മുലയൂട്ടലെന്നും ആരോഗ്യവകുപ്പ് ഓര്‍മിപ്പിക്കുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments