മുനമ്പം : മുനമ്പം ഭൂപ്രശ്നം പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. മുനമ്പം സമരപ്പന്തൽ സന്ദർശിച്ചശേഷം സമരത്തിന് കേരള കോൺഗ്രസ് പാർട്ടിയുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 600ൽ പരം കുടുംബങ്ങളെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്ന ഇന്നത്തെ സ്ഥിതിവിശേഷം പരിഹരിക്കാൻ സർക്കാർ അടിയന്തിര ഇടപെടൽ നടത്തണം. നവംബർ 16ന് സർക്കാർ നിശ്ചയിച്ചിട്ടുള്ള യോഗം കേരളത്തിന്റെ പൊതുതാല്പര്യം കണക്കിലെടുത്ത് സർവകക്ഷിയോഗമാക്കി മാറ്റാൻ സർക്കാർ തയ്യാറാകണം.
സർക്കാർ നിയോഗിച്ച എം.എ.നിസാർ അധ്യക്ഷനായ സമിതി കൈക്കൊണ്ട നിലപാടാണ് മുനമ്പം ഭൂപ്രശ്നം കൂടുതൽ രൂക്ഷമാക്കിയത്. വസ്തുപരമായ യഥാർഥ്യങ്ങൾ പരിശോധിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കുന്നതിനാണ് സർക്കാർ അടിയന്തിര ഇടപെടൽ നടത്തേണ്ടത്. 1988-93 കാലയളവിൽ അന്നത്തെ വിപണി വിലയ്ക്ക് ഫാറൂഖ് കോളേജ് അധികൃതർ കൃത്യമായ ക്രയവിക്രയം നടത്തി കൈമാറിയ ഭൂമിയിൽ ഇപ്പോൾ തർക്കം ഉന്നയിക്കുന്നത് സ്വാ ഭാവിക നീതിയ്ക്ക് നിരക്കുന്നതല്ല. 1975ൽ കേരള ഹൈക്കോടതിയുടെ വിധിയിൽ മുനമ്പം ഭൂമി ഫാറൂഖ് കോളേജിന് ഇഷ്ടദാനം ലഭിച്ചതാണെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇതേ തുടർന്നു ഓരോ കുടുംബവും വിലകൊടുത്തു വാങ്ങിക്കുകയും കരം തീർത്തു വർഷങ്ങളായി താമസിച്ചുവരികയും ചെയ്യുന്ന സ്വന്തം ഭൂമിയുടെ അവകാശം പുതിയ വഖഫ് നീക്കത്തിലൂടെ പ്രതിസന്ധിയിലാക്കാൻ ഇടയാക്കിയിരിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നു പി.ജെ. ജോസഫ് വ്യക്തമാക്കി.
കേരളത്തിന്റെ പവിത്രമായ മതസൗഹാർദ നിലപാടുകൾക്ക് കോട്ടം വരുത്താതെ മുനമ്പം പ്രശ്നം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവാദിത്തബോധത്തോടെ ഇക്കാര്യത്തിൽ പ്രവർത്തിക്കണമെന്ന് പി.ജെ.ജോസഫ് അഭ്യർത്ഥിച്ചു. മുനമ്പത്ത് അതിജീവന പോരാട്ടത്തിൽ നിൽക്കുന്ന ജനതയുടെ സമരത്തെ വിജയത്തിലെത്തിക്കാൻ എല്ലാവിധ സഹകരണങ്ങളും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിലുമായി സമരപ്പന്തലിൽ പി.ജെ.ജോസഫും പാർട്ടിയുടെ നേതാക്കളും മുനമ്പം പ്രശ്നത്തെക്കുറിച്ച് ചർച്ച നടത്തി.
കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ അഡ്വ. പി.സി.തോമസ്, എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എം എൽഎ,സംസ്ഥാന സെക്രട്ടറി ജനറൽ അഡ്വ. ജോയ് എബ്രഹാം, ഡെപ്യൂട്ടി ചെയർമാൻമാരായ അഡ്വ. ഫ്രാൻസിസ് ജോർജ് എം പി, അഡ്വ. തോമസ് ഉണ്ണിയാടൻ, മുൻമന്ത്രി ടി.യു.കുരുവിള, പാർട്ടി നേതാക്കളായ എം പി പോളി, ഷിബു തെക്കുംപുറം, സേവി കുരിശുവീട്ടിൽ, അഡ്വ. ജെയ്സൺ ജോസഫ് ഒഴുകയിൽ, കെ.വി.കണ്ണൻ, ജിസ്സൺ ജോർജ്, എം.വി.ഫ്രാൻസിസ്, റോഷൻ ചാക്കപ്പൻ, ജോഷ്വ തായങ്കരി എന്നിവർ പ്രസംഗിച്ചു.