കൽപ്പറ്റ: മുണ്ടക്കൈ ദുരന്തത്തിൽ കാണാതായ 32 പേരെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മരിച്ചവരായി അംഗീകരിച്ചു. ഈ പട്ടിക ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, റവന്യൂ - ദുരന്ത നിവാരണ പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർ അടങ്ങിയ സംസ്ഥാനതല സമിതി പരിശോധിക്കും. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവരെ ദുരന്തത്തിൽ മരിച്ചവരായി കണക്കാക്കി സർക്കാർ ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. സർക്കാർ ഉത്തരവിന്റ അടിസ്ഥാനത്തിൽ, ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് നൽകിയ എല്ലാ ആനുകൂല്യങ്ങളും ഇവരുടെ ബന്ധുക്കൾക്കും നൽകും. ഇവരുടെ മരണം രജിസ്റ്റർ ചെയ്യാൻവേണ്ട നടപടിക്രമങ്ങളും സർക്കാർ തയാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുടെ മരണം രജിസ്റ്റർ ചെയ്ത് മരണസർട്ടിഫിക്കറ്റ് അനുവദിക്കാനുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്.